വന്യജീവി ആക്രമണത്തിൽ 43 വർഷത്തിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടത് 150 പേർ
text_fieldsകൽപറ്റ: വയനാട്ടിൽ വന്യജീവികളുടെ ആക്രമണത്തിനിരയായി 1980 മുതൽ കൊല്ലപ്പെട്ടത് 150 പേർ. ഇതിൽ 51 പേരുടെയും ജീവനെടുത്തത് കഴിഞ്ഞ 10 വർഷത്തിനിടെ. 41 പേർ കാട്ടാനയുടെ ആക്രമണത്തിലും ഏഴുപേർ കടുവയുടെ ആക്രമണത്തിലും രണ്ടുപേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.
2000 മുതൽ 2023 വരെ വയനാട് വന്യജീവി ഡിവിഷനിൽ മാത്രം 45 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലുള്ളത്. നോർത്ത്, സൗത്ത് ഡിവിഷനുകളിലും ഇത്രത്തോളം പേർ 23 വർഷത്തിനിടക്ക് കൊല്ലപ്പെട്ടിട്ടുണ്ട്. 2015ൽ മാത്രം മൂന്നുപേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
1980കളിലാണ് വയനാട്ടിൽ ആദ്യമായി വന്യജീവി ആക്രമണങ്ങളുണ്ടായതെന്നാണ് ഈ രംഗത്ത് പഠനം നടത്തിയവർ പറയുന്നത്. ആ വർഷം മുതൽ 2023 വരെ ജില്ലയിൽ ആകെ 150 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 2016 മുതൽ 2023 വരെ മേപ്പാടി എന്ന പ്രദേശത്തുമാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേരാണ്.
വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ വന്യജീവി ആക്രമണത്തിനിരയായവർക്ക് 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ നഷ്ട പരിഹാരം ലഭിച്ചത്. 1,18,94530 രൂപ. കാട്ടാനയുടെ ആക്രമണം മൂലമാണ് കൂടുതൽ പേരും കൊല്ലപ്പെട്ടതെങ്കിലും അടുത്ത കാലത്തായി കടുവയുടെ എണ്ണം വർധിക്കുകയും ആക്രമണം രൂക്ഷമായെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ എട്ടുവർഷത്തിനിടെ കടുവ കൊലപ്പെടുത്തിയത് ഏഴുപേരെ. ഈ വർഷം മാത്രം രണ്ടും. മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ ശനിയാഴ്ച പുല്ലരിയാൻ പോയപ്പോഴാണ് ആക്രമണത്തിനിരയായത്. വൈകുന്നേരമായിട്ടും കാണാതായതിനെ തുടർന്ന് സഹോദരൻ നടത്തിയ തിരച്ചിലിലാണ് പാതി ഭക്ഷിച്ച പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വർഷം ജനുവരിയിലാണ് വനപ്രദേശങ്ങളില്ലാത്ത പുതുശ്ശേരിയിൽ തോമസിനെ കൃഷിയിടത്തിൽവെച്ച് കടുവ ആക്രമിച്ചത്. ഈ വർഷം അഞ്ചുപേർ കാട്ടാനയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.
ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപതിടത്തും വന്യമൃഗ ശല്യമുണ്ടെന്നും അതിൽത്തന്നെ 12ൽ കടുവയുടെ സാന്നിധ്യമുണ്ടെന്നുമാണ് വനം വകുപ്പിന്റെ കണക്കുകൾ. തിരുനെല്ലി പഞ്ചായത്തിലാണ് വന്യമൃഗങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ ഉണ്ടായത്.
വയനാട് ചുരത്തിലും കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം കണ്ടെത്തി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ 2018ലെ കണക്കനുസരിച്ച് വയനാട്ടിൽ 154 കടുവകളാണുണ്ടായിരുന്നത്. 2022ലും സെൻസസ് നടത്തിയെങ്കിലും കണക്കുകൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ വയനാട്ടിൽ കുറഞ്ഞത് 250 കടുവകളെങ്കിലും ഉണ്ടാകാമെന്നും അതിൽ പകുതിയും വയനാട് വന്യജീവി സങ്കേതത്തിലാണെന്നും ഗവേഷകർ പറയുന്നു. അത്രയും കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷി 344.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിനില്ല. അതിനാലാണ് കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടുവകൾ കാടിന് വെളിയിലെത്തുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ ജനുവരിയിൽ പുതുശ്ശേരിയിൽ തോമസ് എന്ന കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുപിന്നാലെ നോർതേൺ സർക്കിൾ സി.സി.എഫ് കെ.എസ്. ദീപയുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിച്ചിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. വയനാട്ടുകാരുടെ സ്വൈരജീവിതത്തിന് കടുത്ത ഭീഷണി ഉയർത്തി വന്യജീവികളുടെ ആക്രമണം നാൾക്കുനാൾ വർധിക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.