150 ചോദ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ; ഒടുവിൽ അറസ്റ്റ്
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെ. സുധാകരനിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത് 150 ചോദ്യങ്ങളും ഡിജിറ്റൽ രേഖകളടക്കം നിർണായക തെളിവുകളും. ശക്തമായ തെളിവുകൾ ലഭിച്ചതിനാലാണ് സുധാകരനെ രണ്ടാം പ്രതിയാക്കിയത് എന്ന് നേരത്തേതന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഈ തെളിവുകൾ ഉറപ്പിക്കുകയും സുധാകരന്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുകയുമാണ് ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലൂടെ ചെയ്തത്.
വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ വൈ.ആർ. റസ്തം മോൻസണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മോൻസണുമായി സുധാകരൻ വർഷങ്ങളായി ബന്ധം പുലർത്തിയതിന്റെ തെളിവുകൾ നിരത്തി ചോദ്യം ചെയ്യൽ ആരംഭിച്ച അന്വേഷണസംഘത്തിന് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾതന്നെ അറസ്റ്റിന് ആവശ്യമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. മോൻസണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പണം കൈമാറിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സുധാകരന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എം.പി ആകുംമുമ്പ് 2018ലും 2019ൽ എം.പിയായ ശേഷവും സുധാകരൻ മോൻസണുമായി സമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺ വിളി വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചതായാണ് സൂചന. മോൻസണിന്റെ ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് അടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.
ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.60 ലക്ഷം കോടി കേന്ദ്ര സർക്കാർ ഫെമ പ്രകാരം തടഞ്ഞുവെച്ചതായും ഇത് വിട്ടുകിട്ടാന്‍ സുധാകരന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പണം നിക്ഷേപിച്ചവരെ മോന്സൺ അറിയിച്ചു. നിക്ഷേപകരെ ഇക്കാര്യം വിശ്വസിപ്പിക്കുന്നതിന് 2018 നവംബര്‍ 22ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച ഒരുക്കിയതായും നിക്ഷേപകർ ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയിലുണ്ട്.
ഡല്‍ഹിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് സുധാകരന് വാഗ്ദാനം നല്‍കിയെന്നും പണം വിട്ടുകിട്ടാനുള്ള ഇടപാടിനായി 25 ലക്ഷം സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഇക്കാര്യം സാധൂകരിക്കുന്ന തരത്തിൽ സുധാകരൻ മോൻസണിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
എം.പിയായശേഷവും മോൻസണിന്റെ വീട്ടിൽ സുധാകരന് എത്തിയതിന്റെ ചിത്രങ്ങളും ഇതിലുണ്ടത്രെ. മോൻസണിൽനിന്ന് സുധാകരന്റെ വിശ്വസ്തൻ എബിൻ മാസപ്പടി വാങ്ങിയതിന്റെ തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. പുരാവസ്തു ഇടപാടിൽ സുധാകരന് ഒരു പങ്കുമില്ലെന്ന് മോൻസൺ ആവർത്തിച്ചപ്പോഴും സുധാകരനെതിരെ ഉറച്ച് നിൽക്കുകയായിരുന്നു പരാതിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.