കുടിശ്ശികയിലാണ് ചികിത്സ; ആശുപത്രികൾക്ക് നൽകാനുള്ളത് 1500 കോടി കവിഞ്ഞു
text_fieldsതിരുവനന്തപുരം: സാധാരണക്കാർക്ക് സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ കാരുണ്യ പദ്ധതിയിലടക്കം ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1500 കോടി കവിഞ്ഞു. ഇതിൽ കാരുണ്യ പദ്ധതിയിൽ മാത്രം നൽകാനുള്ളത് 1255 കോടിയാണ്. സർക്കാർ ആശുപത്രികൾക്കാണ് കൂടുതൽ, 926.31 കോടി. സ്വകാര്യ ആശുപത്രികൾക്ക് 329.50 കോടിയും. ആരോഗ്യകിരണം, കാരുണ്യ ബനവലൻറ് ഫണ്ട്, ഹൃദ്യം, അമ്മയും കുഞ്ഞും, ആർ.ബി.എസ്.കെ എന്നീ പദ്ധതികളിലേത് വേറെയും. മുഖം മിനുക്കലുകൾക്കുള്ള തിരക്കിട്ട നീക്കങ്ങൾക്കിടെയാണ് കുടിശ്ശിക കണക്കുകൾ ആരോഗ്യവകുപ്പിന് കല്ലുകടിയാകുന്നത്.
രോഗിയെ ഡിസ്ചാർജ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ ചികിത്സക്കായി ചെലവായ തുക കൈമാറണമെന്ന വ്യവസ്ഥയിലാണ് സ്വകാര്യ ആശുപത്രികളുമായി കരാറുണ്ടാക്കിയത്. 15 ദിവസം കഴിഞ്ഞ്, വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത ശതമാനം പലിശ നൽകണം.
എന്നാൽ, സമയ പരിധി പാലിക്കുന്നില്ലെന്ന് മാത്രമല്ല, ചെലവായ പണം കിട്ടാൻ മാസങ്ങൾ വൈകുകയാണ്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ വളരെ കുറവ് സ്വകാര്യ ആശുപത്രികളാണ് സഹകരിക്കുന്നത്. കുടിശ്ശികയുടെ പേരിൽ ഇവർ കൂടി വിട്ടുനിന്നാൽ സൗജന്യ ചികിത്സ പ്രതീക്ഷയിലെത്തുന്ന സാധാരണ രോഗികളാണ് വെട്ടിലാവുക. 197 സർക്കാർ ആശുപത്രികളും, നാലു കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളുമാണ് പദ്ധതിയിലുള്ളത്. മുമ്പ് കുറിപ്പടിയിലെ പകുതി മരുന്നെങ്കിലും സർക്കാർ ആശുപത്രി ഫാർമസികളിൽനിന്ന് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഭൂരിഭാഗവും പുറത്തു നിന്നെടുക്കേണ്ട സ്ഥിതിയാണ്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) പുറമേ, അത്യാവശ്യം മരുന്നുകൾ അതത് ആശുപത്രി വികസന സമിതികളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ തുക പിന്നീട് സമിതികൾക്ക് സർക്കാർ തിരികെ നൽകുമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇത്തരത്തിൽ മരുന്നുവാങ്ങിയ ഇനത്തിൽ വിവിധ മെഡിക്കൽ കോളജുകളിലെ ആശുപത്രി വികസന സമിതികൾക്കും കോടികൾ നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.