1526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവം: അന്വേഷണം വ്യാപിപ്പിക്കുന്നു
text_fieldsകൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ 1526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. പാകിസ്താനിൽനിന്നാണ് മയക്കുമരുന്ന് എത്തിയതെന്ന സൂചന വെള്ളിയാഴ്ച തന്നെ ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചതിനാൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തി വരുന്ന അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അടക്കമുള്ള സംഘങ്ങൾക്ക് കൈമാറാനും നീക്കമുണ്ട്.
രണ്ട് ബോട്ടിൽനിന്നാണ് ഡി.ആർ.ഐയും തീരസംരക്ഷണ സേനയും ചേർന്ന് 218 കിലോ തൂക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. തമിഴ്നാട് തീരത്തുനിന്ന് പുറപ്പെട്ട ബോട്ടുകളാണ് പിടിയിലായത്. രാജ്യത്തിന്റെ തെക്കൻ തീരം ലക്ഷ്യമിട്ടായിരുന്നു മടക്കയാത്ര എന്നാണ് കണ്ടെത്തിയത്. ബോട്ടുകളിലുണ്ടായിരുന്ന 20 ജീവനക്കാരെ വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ മൊഴികളെ തുടർന്ന് തമിഴ്നാട്ടിലെ കന്യാകുമാരി, നാഗർകോവിൽ മേഖലകളിൽ ഡി.ആർ.ഐ തിരച്ചിൽ നടത്തി. ബോട്ടുടമകളടക്കം കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പിടിയിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വ്യാപക പരിശോധന നടക്കും. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി തോപ്പുംപടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നേരത്തേ ലക്ഷദ്വീപ് തീരത്തുനിന്ന് ഉയർന്ന തോതിലുള്ള ലഹരി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി വിലവരുന്ന ലഹരിയാണ് പലയിടങ്ങളിൽനിന്നായി ഡി.ആർ.ഐ പിടികൂടിയത്. മൂന്ന് വർഷത്തിനിടെ എ.കെ 47 അടക്കം തോക്കുകളും ഡി.ആർ.ഐ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിക്കൊപ്പം ആയുധവും കടത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് അന്താരാഷ്ട്രബന്ധമുള്ള സാഹചര്യത്തിലാണ് അന്വേഷണം ദേശീയ ഏജൻസിക്ക് വിടാൻ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.