കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പ്ലസ് ടു പരീക്ഷയെഴുതിയത് 1.6 ലക്ഷം വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: ലോക്ഡൗണിന് സമാനമായ നിയന്ത്രണം നടപ്പാക്കിയ ദിനത്തിലും പ്ലസ് ടു പരീക്ഷ തടസ്സങ്ങളില്ലാതെ നടന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സംസ്ഥാനത്ത് കർശന നിയന്ത്രണം നടപ്പാക്കുന്നത്.
ഇത് ശനിയാഴ്ചയിലെ പ്ലസ് ടു പരീക്ഷ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, മ്യൂസിക്, ജിയോളജി വിഷയങ്ങളിലാണ് ശനിയാഴ്ച പരീക്ഷ നടന്നത്. സയൻസ് സ്ട്രീമിന് പരീക്ഷ ഇല്ലാത്തതിനാലും അക്കൗണ്ടൻസി, ജ്യോഗ്രഫി ഒഴികെയുള്ള വിഷയങ്ങളിൽ പരീക്ഷയെഴുതുന്നവരുടെ എണ്ണം കുറവായതിനാലും വിദ്യാർഥികളുടെ തിരക്ക് കുറവായിരുന്നു. 1.6 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതാനെത്തിയത്.
പൊതുഗതാഗത സൗകര്യം പരിമിതമായിരുന്നതിനാൽ സ്വകാര്യ വാഹനങ്ങളിലാണ് കൂടുതൽ വിദ്യാർഥികളും പരീക്ഷക്കെത്തിയത്. പല പരീക്ഷ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. കുട്ടികൾക്കൊപ്പമെത്തിയ രക്ഷാകർത്താക്കൾ പരീക്ഷാകേന്ദ്രത്തിൽ കൂട്ടംകൂടി നിൽക്കാതെ മടങ്ങി പരീക്ഷ കഴിയുമ്പോൾ തിരിച്ചെത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല. സ്കൂൾ പരിസരത്ത് കാത്തുനിന്ന രക്ഷാകർത്താക്കൾ പരീക്ഷക്കുശേഷം കുട്ടികളെയും കൂട്ടിയാണ് മടങ്ങിയത്. തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ അവസാനിക്കും. 28ന് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. പ്രാക്ടിക്കൽ പരീക്ഷ മാറ്റണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. അതെസമയം, വിദ്യാർഥികളുടെയും അധ്യാപകരുടെ ആരോഗ്യസുരക്ഷക്കാവശ്യമായ മുൻകരുതലുകളോടെയായിരിക്കും പ്രാക്ടിക്കൽ പരീക്ഷ നടത്തിപ്പെന്ന് പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ അറിയിച്ചു. ഒരു ഉപകരണം ഒന്നിൽ കൂടുതൽ വിദ്യാർഥികൾ ഉപയോഗിക്കാത്ത വിധമുള്ള ക്രമീകരണം കൊണ്ടുവരാൻ ധാരണയായിട്ടുണ്ട്. പരീക്ഷ നടത്തിപ്പ് കൂടുതൽ ലളിതമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.