ഓട്ടോമൊബൈല്‍ രംഗത്ത് 16 പേറ്റന്റ്; 89ാം വയസ്സിലും വിശ്രമമില്ലാതെ വാറുണ്ണി
text_fieldsതൃശൂര്‍: എന്‍ജിനീയറിങ് മേഖലയോടുള്ള അഭിനിവേശത്താല്‍ 89കാരനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ സ്വന്തമാക്കിയത് നിരവധി പേറ്റന്റുകള്‍. ഇതിന്റെ പേരില്‍ ഒട്ടേറെ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. ഓട്ടോമൊബൈല്‍ രംഗത്ത് 16 പേറ്റന്റുകളാണ് തൃശൂര്‍ സ്വദേശിയായ കെ.യു. വാറുണ്ണി സ്വന്തം പേരില്‍ കുറിച്ചത്. ഇദ്ദേഹത്തിന് ലഭിച്ച പേറ്റന്റുകളിലൊന്ന് ഹൈബ്രിഡ് ബൈക്ക് വികസിപ്പിച്ചതിനാണ്. സാധാരണ വേഗം ആര്‍ജിക്കുന്നതുവരെ ഈ ബൈക്കിന്റെ പ്രവര്‍ത്തനം എന്ജിന് വഴിയായിരിക്കും. തുടര്‍ന്ന് മുന്നോട്ടുള്ള കുതിപ്പ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഏറ്റെടുക്കുന്നതാണ് ഈ ഹൈബ്രിഡ് ബൈക്കിന്റെ പ്രവര്‍ത്തനരീതി. ബൈക്കിന്റെ എന്ജിന് പ്രവര്‍ത്തിക്കുന്ന വേളയിലാണ് ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുന്നത്. 1994ല്‍ വിദേശത്തെ കമ്പനിയില്‍നിന്ന് വിരമിച്ചശേഷമാണ് വാറുണ്ണി പരീക്ഷണങ്ങളില്‍ കൂടുതല്‍ സജീവമായത്. രാത്രികാലങ്ങളില്‍ വാഹനമോടിക്കാന്‍ ആന്റി-ഗ്ലെയര്‍ സംവിധാനവും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 1957ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പൊതു-സ്വകാര്യ മേഖലകളിലെ നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, നെതർലൻഡ്സ്, ജര്‍മനി, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പരിശീലനവും നേടി. ഇത്തരത്തില്‍ ലഭിച്ച മികവാണ് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ പേറ്റന്റുകള്‍ നേടാന്‍ ഇദ്ദേഹത്തെ തുണച്ചത്.
അതേസമയം, പേറ്റന്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് വാറുണ്ണി പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പേറ്റന്റുകള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് അത് ഉത്തേജനം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈല്‍ രംഗത്തിന് നല്കിയ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായി 2008, 2011, 2014, 2016 വര്‍ഷങ്ങളില്‍ ലിംക ബുക്ക് ഓഫ് റെക്കോഡില്‍ വാറുണ്ണിയുടെ പേര് ഇടംപിടിച്ചിരുന്നു. കൂടാതെ, സാങ്കേതികരംഗത്തെ മികവിന് 1972ല്‍ നാഷനല്‍ റിസർച് ഡെവലപ്മെന്റ് കോര്പറേഷന് അവാര്‍ഡ് ഉള്‍പ്പെടെ അഞ്ച് ദേശീയ പുരസ്കാരങ്ങളും തേടിയെത്തി.
പ്രായോഗിക പരിചയമാണ് എന്‍ജിനീയറിങ് മേഖലയില്‍ തിളങ്ങാന്‍ സഹായിക്കുകയെന്നാണ് വാറുണ്ണിയുടെ അഭിപ്രായം. രാജ്യത്തെ എന്‍ജിനീയറിങ് കോഴ്സുകള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. തൃശൂരിലെ പെരിങ്ങാവില്‍ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് 90 വയസ്സുവരെ കണ്ടുപിടിത്തങ്ങള്‍ തുടരണമെന്നാണ് ആഗ്രഹം. ഇതിനകം പൂര്‍ത്തിയാക്കിയ കണ്ടുപിടിത്തങ്ങളുടെ പേരില്‍ രണ്ടു പേറ്റന്റുകള്കൂടി ഇദ്ദേഹത്തിന് ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.