16 വർഷം പഴക്കമുള്ള വൈരാഗ്യം; വയോധികരായ ദമ്പതികളെ കത്തിച്ചുകൊന്നു
text_fieldsകിളിമാനൂർ: വീട്ടിൽ അതിക്രമിച്ചുകയറി വയോധികരായ ദമ്പതികളെ ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തി പെട്രോൾ-മണ്ണെണ്ണ മിശ്രിതം ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (68), ഭാര്യ വിമലകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
90 ശതമാനത്തോളം പൊള്ളലേറ്റ വിമലകുമാരിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം അഞ്ചോടെ മരണം സ്ഥിരീകരിച്ചു. പ്രതി പനപ്പാംകുന്ന് എൽ.പി സ്കൂളിന് സമീപം അജിത്ത് ഭവനിൽ ശശിധരന് (75) 60 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
ശശിധരന് പ്രഭാകരക്കുറുപ്പിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്ക് മുമ്പ് ഇരുവരും അയൽവാസികളും ബഹ്റൈനിൽ ഒരേ കാലഘട്ടത്തിൽ ജോലിനോക്കിയിരുന്നവരുമാണ്. 16 വർഷം മുമ്പ്, 1996ൽ ശശിധരന്‍റെ മകൻ അജിത്ത് പ്രസാദിന് ബഹ്റൈനിലേക്ക് വിസ നൽകി കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഒരാഴ്ചക്കിടെ അജിത്ത് ആത്മഹത്യ ചെയ്തു.
ഇതിന്‍റെ കാരണക്കാരൻ പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച് ഇരുവരും ശത്രുതയിലായി. നാട്ടിലെത്തിയശേഷവും ശശിധരൻ നിരന്തരം പ്രഭാകരക്കുറുപ്പുമായി വഴക്കടിച്ചു. ഒന്നുരണ്ടുതവണ കൈയേറ്റ ശ്രമവുമുണ്ടായി. ഒടുവിൽ 15 വർഷം മുമ്പ് പനപ്പാംകുന്നിൽനിന്ന് വീടുവിറ്റ് പ്രഭാകരക്കുറുപ്പും കുടുംബവും മടവൂർ കൊച്ചാലുംമൂട്ടിൽ വീടുവാങ്ങി താമസിച്ചുവരികയായിരുന്നു.
അജിത്തിന്‍റെ മരണത്തിന് ഒന്നരക്കൊല്ലത്തിന് ശേഷം സഹോദരിയും ആത്മഹത്യചെയ്തു. ഈ മരണത്തിനും പ്രഭാകരക്കുറുപ്പ് ഉത്തരവാദിയാണെന്ന് ആരോപിച്ച് കേസ് നടന്നെന്നും അതിൽ കുറുപ്പിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വന്നെന്നും ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും നാട്ടുകാർ കരുതുന്നു. എന്നാൽ, ഇത്തരമൊരു കേസിന്‍റെ വിവരങ്ങളൊന്നും സ്റ്റേഷനിലില്ലെന്നാണ് പൊലീസ് പറയുന്നത്.
ചുറ്റിക റോഡരികിൽ പ്ലാസ്റ്റിക് കവറിനുള്ളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇന്ധനം കൊണ്ടുവന്ന കന്നാസ് വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ബഹളം കേട്ട അയൽവാസി എത്തുമ്പോൾ മുൻവശത്തെ മുറിയിൽ മൂവരും നിന്നുകത്തുന്ന നിലയിലായിരുന്നു. പള്ളിക്കൽ എസ്.ഐ സനൂജിന്‍റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. അജിത, ചിഞ്ചു (ഭൂപണയബാങ്ക്, കിളിമാനൂർ) എന്നിവർ മക്കളാണ്. ശശിധരന് ഭാര്യയും ഒരു മകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.