ടെക്നോസിറ്റിയിൽ 1600 കോടിയുടെ ടൗൺഷിപ് പദ്ധതി
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ ടെക്നോപാർക്കിന്‍റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ 1600 കോടി രൂപയുടെ ക്വാഡ് പദ്ധതി വരുന്നു. 30 ഏക്കറിലെ പദ്ധതിക്ക് മന്ത്രിസഭയോഗം തത്ത്വത്തിൽ അംഗീകാരം നൽകി. ഒരേ കാമ്പസിൽ ജോലി, ഷോപ്പിങ്, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവയടങ്ങുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്.
പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്രയടി സ്ഥലം (ബിൽറ്റ്-അപ് സ്പേസ്) ലഭ്യമാകും. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽമുടക്കിൽ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐ.ടി ഓഫിസ് കെട്ടിടം ടെക്നോപാർക്ക് നിർമിക്കും. ടെക്നോപാർക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ വായ്പയെടുത്തോ ആകും പൂർണമായും വികസിപ്പിക്കുക. കെട്ടിടം പാട്ടത്തിനും നൽകും. 6000 ഐ.ടി പ്രഫഷനലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ ഒമ്പത് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ബഹു ഉപയോഗ വാണിജ്യസൗകര്യം ഏർപ്പെടുത്തും. 4.50 ഏക്കറിൽ 400 കോടി രൂപ മുതൽ മുടക്കിൽ ഐ.ടി കോഡെവലപ്പർ വികസിപ്പിക്കുന്ന എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഓഫിസ് സമുച്ചയം നിർമിക്കും. 6000 ഐ.ടി പ്രഫഷനലുകൾക്ക് തൊഴിൽ നൽകാനാകും.
10.60 ഏക്കറിൽ 450 കോടി രൂപ മുതൽമുടക്കിൽ 14 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള െറസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും. വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ പരിശോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി കൺവീനറും ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റി രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.