16 ാം ധനകമീഷൻ: പ്രകൃതി ദുരന്തങ്ങൾ മാനദണ്ഡമാക്കണമെന്ന് കേരളം
text_fieldsതിരുവനന്തപുരം: നികുതി വിഹിതം വീതംവെക്കുന്നതിനുള്ള 16 ാം ധനകമീഷൻ മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥവ്യതിയാനവും കൂടി പരിഗണന വിഷയമാക്കണമെന്ന് കേരളം ആവശ്യപ്പെടും. പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി പ്രഹരമേൽപ്പിക്കുന്നതിന്റെ അനുഭവം മുൻ നിർത്തിയാണ് ഈ ആവശ്യം ഉന്നയിക്കുക. ഡിസംബർ ധനകമീഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കുമ്പോൾ തണ്ണീർത്തടങ്ങൾ, മലയോര പ്രദേശങ്ങൾ, തീരത്തിന്റെ നീളം തുടങ്ങിയ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കൊപ്പം പ്രകൃതി ദുരന്തസാധ്യത കൂടി അടിവരയിട്ട് നിവേദനം സമർപ്പിക്കും.
മാനദണ്ഡങ്ങളിൽ പ്രകൃതിദുരന്ത ഭീഷണി കൂടി പരിഗണിച്ചാൽ ഹൈ റിസ്ക് സംസ്ഥാനങ്ങളായ ഗുജറാത്ത്, കേരളം, പശ്ചിമബംഗാൾ, ഉത്തർ പ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവക്ക് കൂടുതൽ വിഹിതത്തിന് അർഹത കൈവരുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാൽ സംസ്ഥാനങ്ങളുടെ ദുരന്തപ്രതികരണ നിധിയിലേക്ക് കേന്ദ്രം നീക്കിവെക്കുന്ന തുക നിലവിലെ 1,28,122.40 കോടിയിൽനിന്ന് 1,75,089.97 കോടിയായി വർധിക്കുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ മാത്രം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്കുള്ള (എസ്.ഡി.ആർ.എഫ്) കേന്ദ്ര വിഹിതം നിലവിലെ 1389.60 കോടിയിൽനിന്ന് 2321.80 കോടിയായി ഉയരുമെന്നും പഠനം പറയുന്നു.
ജനസംഖ്യ, ഭൂമിശാസ്ത്രപരമായ വിസ്തീർണം, ശരാശരി മുൻകാല ചെലവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് എസ്.ഡി.ആർ.എഫിലേക്ക് വിഹിതം അനുവദിക്കുന്നതിനുള്ള ഡിസാസ്റ്റർ റിസ്ക് ഇൻഡക്സ് (ഡി.ആർ.ഐ) 15ാം ധനകമീഷൻ തയാറാക്കിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗങ്ങളുടെ (ബി.പി.എൽ) സാന്നിധ്യമാണ് പരിഗണിച്ച മറ്റൊരു ഘടകം. ഈ മാനദണ്ഡങ്ങളിൽ സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക ദുർബലതയും ദുരന്തസാധ്യതയും കണക്കാക്കുന്നതിന് അപര്യാപ്തമെന്നാണ് സർക്കാറിന്റെ നിലപാട്.
ദാരിദ്ര്യത്തെ അടിസ്ഥാനമാക്കിയുള്ള അപകടസാധ്യത കണക്കാക്കുന്നതിനു പകരം സമഗ്രമായ ദുരന്തസാധ്യത സൂചിക ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പത്താം ധനകമീഷൻ ശിപാർശ പ്രകാരം കേരളത്തിന് 3.8 ശതമാനം നികുതി വിഹിതമുണ്ടായിരുന്നത് 15ാം കമീഷൻ ശിപാർശകളോടെ 1.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ നികുതിവിഹിതം കിട്ടുന്ന കാര്യത്തിൽ 15 ാം സ്ഥാനത്താണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.