വീട്ടിൽ വിരിച്ച ടൈൽസ് നിറം മങ്ങി പൊളിഞ്ഞു, വെള്ളവും മണ്ണും വന്നു; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം
text_fieldsകൊച്ചി: നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതര പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കോടതി. വീടിന്‍റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ.എസ് മാർബിൾ വർക്സിന്‍റെ ഉടമ കെ.എ. പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുകയും ചെയ്തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉല്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.
ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു. ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽനിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ, നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി.ജെ. ലക്ഷ്മണ അയ്യർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.