ജനലിലൂടെ കൈയിട്ട് വാതിൽ തുറന്ന് അകത്തു കടന്നു; കവർന്നത് 17 ലക്ഷത്തിന്‍റെ സ്വർണം, മോഷ്ടാവ് പിടിയിൽ
text_fieldsതിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ വീട്ടിൽ നിന്ന് 17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് തിരുവല്ല പൊലീസിന്റെ പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവൽ വീട്ടിൽ സെൽവരാജ് ക്രിസ്റ്റഫർ (43) ആണ് പിടിയിലായത്. തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയിൽ ലീലാ ബോബിയുടെ വീട്ടിൽ നിന്നും വജ്രം അടക്കമുള്ള ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ സിസിടിവി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇക്കഴിഞ്ഞ ഇരുപതാം തിയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനാലയിലൂടെ കൈയ്യിട്ട് വാതിൽ തുറന്ന് അകത്തു കയറിയ പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. സംഭവ സമയം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയിരുന്ന ലീലാ ബോബി പുലർച്ചെയോടെയാണ് മോഷണ വിവരം അറിഞ്ഞത്.
വീട്ടിലെയും നഗരമധ്യത്തിലെയും സിസിടിവികൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അതിവിദഗ്ധമായി മാർത്താണ്ഡത്ത് പിടികൂടുകയായിരുന്നു. മോഷണ മുതൽ മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതിയിൽ നിന്നും ഒമ്പത് ലക്ഷത്തോളം രൂപയും പൊലീസ് കണ്ടെടുത്തു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്റ്റഫർക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.