കട്ടെടുത്ത ബൈക്ക് സ്റ്റാർട്ടായില്ല, പിറ്റേന്നും ആവർത്തിച്ചതോടെ നാട്ടുകാർ പൊക്കി; പ്രതിയെ കണ്ടവർ ഞെട്ടി
text_fieldsകൊട്ടാരക്കര: പുലമൺ ജങ്ഷൻ ലോട്ടസ് റോഡിനു സമീപം നിർത്തിയിട്ടതായിരുന്നു 'പൾസർ 220' മോഡൽ ബൈക്ക്. ഉടമ തിരികെ എടുക്കാൻ വന്നപ്പോൾ വണ്ടി കാണാനില്ല. കുറേ തിരഞ്ഞപ്പോൾ, പാർക്ക് ചെയ്ത സ്ഥലത്തുനിന്നും ഏറെ മാറി നിർത്തിയിട്ട നിലയിൽ കണ്ടെത്തി. വണ്ടിയെടുത്ത് ലോട്ടസ് റോഡിനു സമീപം വീണ്ടും പാർക്ക് ചെയ്തു. പിറ്റേന്ന് നട്ടുച്ചക്ക് വണ്ടിയുടെ അടുത്ത് ഒരാൾ പാത്തും പതുങ്ങിയും നിൽക്കുന്നു. നാട്ടുകാരും ബൈക്ക് ഉടമസ്ഥനും ചേർന്ന് കക്ഷിയെ കൈയോടെ പിടികൂടി കൊട്ടാരക്കര പൊലീസിൽ ഏൽപിച്ചു. എല്ലാവരെയും ഞെട്ടിച്ചത് മോഷ്ടാവിന്റെ പ്രായമായിരുന്നു; പതിനേഴുകാരനായിരുന്നു കക്ഷി. കോട്ടയം സ്വദേശി.
സംഭവം ഇങ്ങനെ:
വെള്ളിയാഴ്ച രാത്രിയായിരുന്നു ആദ്യമോഷണശ്രമം. ബൈക്കിന്‍റെ ലോക്ക് പൊട്ടിച്ച് എം.സി റോഡിലൂടെ കടത്തി കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ, വണ്ടി സ്റ്റാർട്ടായില്ല. തുടർന്ന് തൊട്ടടുത്ത ഇലക്ട്രിക് കടയിൽ നിന്നും വയറുകളും മറ്റ് സാമാഗ്രികളും വാങ്ങി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവിൽ, ഉരുട്ടിയാണ് നഗരത്തിൽ തന്നെയുള്ള മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചുവച്ചത്. പിന്നാലെ ബൈക്കിന്‍റെ ഉടമ നടത്തിയ തെരച്ചിലിൽ ബൈക്ക് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ മോഷണശ്രമമാെണന്ന് വ്യക്തമായി. വീണ്ടും പഴയ സ്ഥലത്ത് തന്നെ കൊണ്ട് വെച്ച് നിരീക്ഷണം നടത്തി.
ഇതൊന്നുമറിയാതെ, ശനിയാഴ്ച ഉച്ച 12 മണിയോടെ ബൈക്ക് കടത്തി കൊണ്ടുപോകാൻ പ്രതി വീണ്ടും എത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ നാട്ടുകാരും ഉടമസ്ഥനും ചേർന്ന് പ്രതിയെ ഉടനടി പൊക്കി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയം ജില്ലയിലും മറ്റിടങ്ങളിലുമായി നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയാണന്ന് തിരിച്ചറിഞ്ഞു. ജുവൈനൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.