1727 അംഗൻവാടികൾ ഫിറ്റല്ല
text_fieldsകൊച്ചി: സംസ്ഥാനത്ത് കുരുന്നുകളുടെ ജീവന് അപകടഭീഷണി ഉയർത്തും വിധം ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് 1727 അംഗൻവാടികൾ. ഇതിൽ തന്നെ ഭൂരിഭാഗവും മലപ്പുറം ജില്ലയിലാണ്. 1410 അംഗൻവാടികളാണ് മലപ്പുറത്ത് ഫിറ്റല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന കണക്കാണ് വിവരാവകാശരേഖയിലൂടെ പുറത്തുവരുന്നത്. ചില ജില്ലകളിൽ എല്ലാ അംഗൻവാടികളും ഫിറ്റായ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് അംഗൻവാടികളിൽ അഞ്ചിലൊന്ന് പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. ആകെ 33,115 എണ്ണമാണ് സംസ്ഥാന വനിത, ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ സ്വന്തം കെട്ടിടമില്ലാത്തത് 7156 എണ്ണവും.
ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ് -3808 എണ്ണം, ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലും -874. എന്നാൽ, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലും(1082) കുറവ് വയനാടുമാണ് (59). ഭൂരിഭാഗം ജില്ലകളിലും ഫിറ്റ്നസ് പരിശോധന നടത്തിവരുകയോ ഫിറ്റായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് വനിത, ശിശുവികസന വകുപ്പിന്റെ വിശദീകരണം. എന്നാൽ, ചില ജില്ലകളിൽ ഫിറ്റ്നസില്ലാതെ പ്രവർത്തിച്ചിട്ടും ഇക്കാര്യത്തിലെന്തു നടപടി സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം വൈക്കം നഗരസഭയിൽ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിച്ച കായിക്കര അംഗൻവാടി നമ്പർ നാലിന്റെ ചുവരിടിഞ്ഞ് കുരുന്നിന് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. സംഭവത്തിൽ സൂപ്പർവൈസർക്കെതിരെ നടപടിയെടുക്കുകയും ഫിറ്റ്നസ് ഉറപ്പുവരുത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഫിറ്റ്നസ് സംബന്ധിച്ച് പാലിക്കേണ്ട നിർദേശങ്ങൾ അതത് സമയത്ത് അംഗൻവാടി അധികൃതർക്ക് നൽകാറുണ്ട്. അതേസമയം, വനിതശിശു വികസന വകുപ്പ് ഹൈടെക് എന്ന പേരിൽ അംഗൻവാടികൾ നിർമിക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളുടെയും മറ്റും ഫണ്ടുപയോഗിച്ച് വളരെ കുറച്ച് ഹൈടെക്, സ്മാർട്ട് അംഗൻവാടികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.