എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് നികത്താനുള്ള ഒഴിവുകൾ 1746; പട്ടികജാതി ഗോത്ര കമീഷനെതിരെ എ.ജിയുടെ കടുത്ത വിമർശനം
text_fieldsകോഴിക്കോട് : എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് 2021മാർച്ച് 31വരെ നികത്താനുള്ള ഒഴിവുകൾ 1746 എന്ന് എ.ജിയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും പട്ടികജാതി-വർഗ പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനുള്ള ചുമതല സെക്രട്ടറിയേറ്റിലെ എംപ്ലോയ്‌മെൻറ് സെല്ലിനെ ഏൽപ്പിച്ചിരുന്നു. 89 വകുപ്പുകളിൽ 21 വകുപ്പുകളുടെ മാത്രം അവലോകനമാണ് 2021 മാർച്ച് 31 വരെ നടന്നത്. ഭക്ഷ്യസുരക്ഷ വകുപ്പിൽ 2013 വരെയും ലാൻഡ് റവന്യൂ വകുപ്പിൽ 2014 വരെയും മാത്രമാണ് അവലോകനം നടത്തിയത്.
കൃഷി വകുപ്പിലും വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിലും കഴിഞ്ഞ 2015 ൽ മാത്രമാണ് അവലോകനം നടത്തിയത്. സംസ്ഥാന ജലഗതാഗതം, സബോർഡിനേറ്റ് ജുഡീഷ്യറി, സഹകരണ വകുപ്പ്, പൊതുഭരണ വകുപ്പ് എന്നിവയിൽ 2016ൽ അവലോകനം നടത്തി. അതിനാൽ സമയബന്ധിതമായി അവലോകനം വകുപ്പ് നടത്തിയില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
വിവിധ വകുപ്പു മേധാവികളിൽ നിന്ന് 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ പട്ടികജാതി-വർഗക്കാരുടെ പ്രത്യേക റിക്രൂട്ട്‌മെൻറ് സംബന്ധിച്ച ത്രൈമാസ പുരോഗതി റിപ്പോർട്ട് പ്രകാരം, എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് 2021മാർച്ച് 31വരെ നികത്താൻ ശേഷിക്കുന്ന ആകെ ഒഴിവുകളുടെ എണ്ണം 1746 ആണ്. എസ്.സി വിഭാഗത്തിൽ ആകെ 736 വും പട്ടികവർഗ വിഭാഗത്തിന് 1010 സീറ്റും ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തിന് ഗസറ്റഡ്- 52, നോൺ ഗസറ്റഡ് -614, ലാസ്റ്റ് ഗ്രേഡ്-70 എന്നിങ്ങനെ 736 സീറ്റുകൾ. പട്ടിവർഗ വിഭാഗത്തിന് ഗസറ്റഡ്-142, നോൺ ഗസറ്റഡ് -826, ലാസ്റ്റ് ഗ്രേഡ്-42 എന്നിങ്ങനെ 1010 സീറ്റുകൾ. ആവശ്യമായ 10 ശതമാനം പ്രാതിനിധ്യം വകുപ്പുകൾ ഉറപ്പാക്കിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, ഗോത്ര കമീഷൻ പട്ടികവിഭാത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച വസ്തുതാപരമായ വിലയിരുത്തൽ നടത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സി. പുഷ്പ രാജൻ പട്ടികജാതി -ഗോത്ര കമീഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിലും നടപടിയുണ്ടായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കെ.എസ്.ആൻഡ് എസ്.ആർ ചട്ടം 14 വിഭാവനം ചെയ്യുന്നത് 10 ശതമാനം സംവരണം എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നൽകണമെന്നാണ്. 10 ശതമാനത്തിൽ എട്ട് ശതമാനം സംവരണം എസ്.സിക്കും രണ്ട് ശതമാനം എസ്.ടിക്കും അനുവദിക്കണം.
പൊതുസേവനങ്ങളിലെ എസ്.സി/എസ്.ടി അംഗങ്ങളുടെ റിക്രൂട്ട്‌മെൻറുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി, സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി ചെയർമാനായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഫയലുകളുടെ സൂക്ഷ്മപരിശോധനക്ക് സെക്രട്ടറിയേറ്റിൽ എംപ്ലോയ്‌മെൻറ് സെൽ- എ എന്നും സെൽ- ബി എന്നും രണ്ട് വിഭാഗങ്ങൾ രൂപീകരിച്ചിരുന്നു. ഈ സെല്ലിന്റെ പ്രധാന പ്രവർത്തനം നിയമങ്ങളും ഉത്തരവുകളും മറ്റും നടപ്പിലാക്കുന്നതും എസ്.സി- എസ്.ടി വിഭാഗങ്ങളുടെ സംവരണ ഒഴിവുകളും ഫലപ്രദമായി നിരീക്ഷിക്കുക എന്നതായിരുന്നു. സർക്കാരിലെ പട്ടികജാതി/പട്ടികവർഗക്കാരുടെ പ്രാതിനിധ്യം വർഷം തോറും അവലോകനം ചെയ്യണം.
പൊതുഭരണ വകുപ്പ് നടത്തിയ ഈ പഠനത്തിന്റെ കരട് പോലും വകുപ്പുകൾക്ക് പരിശോധനക്ക് നൽകിയിട്ടില്ല. ഒരു പഠനത്തിനും വിധേയമാകാതെ മുൻവിധിയോടെ തയാറാക്കിയ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത തസ്‌തികകളിലേക്ക് ഗൗരവമായ രീതിയിൽ നിയമനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന എംപ്ലോയ്‌മെൻറ് (സെൽ-ഒന്ന്) വകുപ്പ് ഇല്ലാതാക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറാനും നിർദേശം നൽകണമെന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേധാവികൾക്കെതിരെ നോട്ടീസ് അയക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ഗോത്ര കമീഷൻ നടപടി സ്വീകരിച്ചില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.