ഞെട്ടിച്ച് കേരളത്തിലെ ആത്മഹത്യകൾ; രണ്ടര മാസത്തിനിടയിൽ ജീവനൊടുക്കിയത് 1785 പേർ
text_fieldsകോട്ടയം: ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കിൽ ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളിൽ ജീവിതം അവസാനിപ്പിച്ചവർ 1785 പേർ.
- മുൻവർഷങ്ങളിൽ തിരുവനന്തപുരമാണ് ആത്മഹത്യയിൽ മുന്നിലെങ്കിൽ ഈ വർഷം ഇതുവരെ കൊല്ലമാണ് മുന്നിൽ. കുറവ് വയനാട്ടിൽ.
- സംസ്ഥാനത്ത് പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യശ്രമങ്ങളും നടക്കുന്നു.
- വിവാഹിതരായ പുരുഷന്മാരാണ് കൂടുതൽ. കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യ അനുപാതം 20:80 ആണ്. കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിൽ.
- ദേശീയ ആത്മഹത്യ നിരക്ക് ഒരുലക്ഷം പേരിൽ 13 ആണെങ്കിൽ കേരളത്തില്‍ അത് 28ന് മുകളിലാണ്.
- സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് ആത്മഹത്യ നിരക്ക് നാല് മടങ്ങാണെങ്കിലും ആത്മഹത്യപ്രവണത കൂടുതല്‍ സ്ത്രീകളിലാണ്.
- പ്രായം കൂടുംതോറും ആത്മഹത്യ പ്രവണത കൂടുന്നു. മയക്കുമരുന്നിന്റെയും ഓൺലൈൻ ഗെയിമിന്റെയും ഭാഗമായി അടുത്തിടെ ചെറുപ്പക്കാരിലും ആത്മഹത്യ കൂടുന്നുണ്ട്.
ആത്മഹത്യ പരിഹാരമല്ല, എങ്ങനെ തടയാം?
മാനസിക രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ആത്മഹത്യ തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
വിഷാദരോഗത്തിനുള്ള മരുന്നുകളും മോഡിഫൈഡ് ഇ.സി.ടി, കീറ്റമിന്‍ ചികിത്സ തുടങ്ങിയവയും ആത്മഹത്യ പ്രവണതയുള്ളവരെ ചികിത്സിക്കാനുള്ള മാർഗങ്ങളാണ്.
മനഃശാസ്ത്ര ചികിത്സകളായ സപ്പോര്‍ട്ടിവ് സൈക്കോ തെറപ്പി, ഫാമിലി തെറപ്പി, കൊഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പി പോലെയുള്ള ചികിത്സകളും ഫലപ്രദമായി കണ്ടുവരുന്നു.
ആത്മഹത്യ ചെയ്യാനുള്ള വസ്തുക്കളുടെ ലഭ്യത കുറക്കുക, ആത്മഹത്യ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുക, മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരില്‍ മനഃശാസ്ത്രപരമായ പ്രഥമ ശുശ്രൂഷ നല്‍കുക തുടങ്ങിയവ ഒരു പരിധിവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത് തടയും. സാമൂഹിക അവബോധം കൂട്ടുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത കുറക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുക എന്നിവയും ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.