ഭരതനാട്യം അടക്കം18 മത്സര ഇനങ്ങൾ ദേശീയ യുവജനോത്സവത്തിൽ നിന്ന് ഒഴിവാക്കി; പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
text_fieldsതിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്നും നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചു. യുവജന ക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള കേരളോത്സവങ്ങൾ വിജയകരമായി പൂർത്തിയാക്കി മത്സര വിജയികളെ ദേശീയതലത്തിലേക്ക് പങ്കെടുപ്പിക്കാൻ ഒരുങ്ങവെയാണ് കേന്ദ്ര സർക്കാർ ദേശീയ യുവജനോത്സവത്തിന്‍റെ മത്സര ഇനങ്ങൾ വെട്ടിക്കുറച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കർണാടിക് മ്യൂസിക്, വീണ, ഫ്ലൂട്ട്, ഗിത്താർ, സിത്താർ, തബല, മൃദംഗം, ഹാർമോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുൻ കാലങ്ങളിൽ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ച് രണ്ട് മത്സര ഇനങ്ങളാക്കി ചുരുക്കിയത്. ഫോക്ക് സോങ് ഗ്രൂപ്പ്, ഫോക്ക് ഡാൻസ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങൾ മാത്രമേ ഇക്കുറി ഉണ്ടാകുവെന്നാണ് കേന്ദ്രം അറിയിച്ചത്.
വളരെ സജീവമായി കേരളോത്സവങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് ഇനങ്ങൾ വെട്ടിക്കുറച്ചത് മത്സരാർഥികളെ നിരാശരാക്കുമെന്ന് മന്ത്രി റിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന എല്ലാ ഇനങ്ങളും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.