1806 പേര്‍ കൂടി സേനയിലേക്ക്: പരിശീലനത്തിന് തുടക്കം കുറിച്ച് ഡി.ജി. പി
text_fieldsപുതുതായി നിയമനം ലഭിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും ഹവില്‍ദാര്‍മാരുടെയും ആദ്യ ബാച്ചിന്‍റെ പരിശീലനം തിരുവനന്തപുരത്തു സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള ഇടപെടലില്‍ മാന്യതയും സത്യസന്ധതയും പുലര്‍ത്തണമെന്നും സൈബര്‍കുറ്റകൃത്യങ്ങള്‍, ലഹരിവസ്തുക്കളുടെ വ്യാപനം എന്നിവക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം നല്‍കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. കേരള പൊലീസില്‍ പുതുതായി നിയമനം ലഭിച്ച 1806 പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും ഹവില്‍ദാര്‍മാരുടെയും ആദ്യ ബാച്ചിന്‍റെ പരിശീലനം തിരുവനന്തപുരത്തു സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാര്‍ സ്പെഷ്യല്‍ പൊലീസ്, സ്പെഷ്യല്‍ ആംഡ് പൊലീസ്, ആര്‍.ആര്‍.ആര്‍.എഫ്, കേരള പൊലീസ് അക്കാദമി, വിവിധ കെ.എ.പി ബറ്റാലിയനുകള്‍ എന്നിങ്ങനെ ഒന്‍പതു കേന്ദ്രങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഔട്ട്ഡോര്‍, ഇന്‍ഡോര്‍ വിഭഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളില്‍ പരിശീലിപ്പിക്കപ്പെടുന്ന ഇവരുടെ പരിശീലന കാലാവധി ഒന്‍പതു മാസമാണ്. 215 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു.
പുതുതായി നിയമനം ലഭിച്ചവരില്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ രണ്ടു പേരും മറ്റു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ 191 പേരും ഉള്‍പ്പേടുന്നു. കൂടാതെ 128 ബി.ടെക്ക് ബിരുദധാരികളും ഇതര വിഷയങ്ങളില്‍ ബിരുദം നേടിയ 974 പേരും 101 ഡിപ്ലോമക്കാരും 410 പേര്‍ പ്ലസ്ടു ഐ.റ്റി.ഐക്കാരുമാണ്.
ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി എം. ആര്‍ അജിത്കുമാര്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി (അഡീഷണല്‍ ചാര്‍ജ് ) ആനന്ദ് ആര്‍, എസ്.എ.പി കമാണ്ടന്‍റ് ഷെഹന്‍ഷാ കെ.എസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മറ്റു കേന്ദ്രങ്ങളിലെ പരിശീലനാർഥികള്‍ ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.