കരിപ്പൂർ റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയേറ്റെടുക്കും; നഷ്ടപരിഹാരം ദേശീയപാത മാതൃകയിൽ
text_fieldsകരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ദേശീയപാതക്ക് ഭൂമിയേറ്റെടുത്ത മാതൃകയിൽ ഈ ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
വിമാനത്താവള അതോറിറ്റിയിൽനിന്ന് പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സാധിക്കുന്നില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നത്. കരിപ്പൂരിലെ സ്ഥലമേറ്റെടുപ്പ് ഓഫിസ് കഴിഞ്ഞ മേയ് 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന് മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏറ്റെടുക്കലാണ് ആവശ്യമെന്ന് തീരുമാനിക്കുകയായിരുന്നു.
2016ൽ റൺവേ വികസനം, പുതിയ ടെർമിനൽ, പാരലൽ ടാക്സി വേ, ഏപ്രൺ എന്നിവക്കായി 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. 2020ൽ കാർ പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കാൻ 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും വിജ്ഞാപനം ഇറക്കി. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നടപടികളുമായി മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.