19,49,640 ഓണക്കിറ്റുകൾ വിതരണം ചെയ്തു; ആദിവാസി മേഖലകളിൽ നേരിട്ടെത്തിക്കും
text_fieldsതിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകീട്ട് മൂന്നു വരെയുള്ള കണക്ക് പ്രകാരം 19,49,640 കിറ്റുകൾ വിതരണം ചെയ്തതായും ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്, 2,39,812 എണ്ണം.
തിരുവനന്തപുരം 2,20,991, തൃശൂർ 1,94,291, ആലപ്പുഴ 1,37,662, എറണാകുളം 1,59,631, ഇടുക്കി 93,931, കണ്ണൂർ 98,986, കാസർകോട് 76,501, കൊല്ലം 130092, കോട്ടയം 97460, കോഴിക്കോട് 1,76,308, പാലക്കാട് 1,65,358, പത്തനംതിട്ട 81,692, വയനാട് 76,925 കിറ്റുകളാണ് വിതരണം ചെയ്തത്. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ആദിവാസി മേഖലകളിലുള്ളവർക്ക് ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും. ആഗസ്റ്റ് 15ന് രാവിലെ 11ന് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പുളിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കംകുറിക്കും. ആഗസ്റ്റിലെ അരി വാങ്ങാത്ത ആദിവാസി വിഭാഗത്തിലുള്ളവർക്ക് അതും എത്തിച്ചുകൊടുക്കും. കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും.
അനർഹർ കൈവശംവെച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകളാണ് തിരിച്ചേൽപ്പിച്ചത്. അർഹതയുള്ള 12,000 പേർക്ക് കാർഡ് നൽകാൻ നടപടി ആരംഭിച്ചു. എ.എ.വൈ വിഭാഗത്തിലെ കാർഡുകളുടെ വിതരണം ആഗസ്റ്റ് 20ന് പൂർത്തിയാകും. ഈ വിഭാഗത്തിൽ പെട്ടവർക്ക് സെപ്റ്റംബർ ഒന്നു മുതൽ അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കും.
ആവശ്യപ്പെടുന്നവർക്ക് നിശ്ചിത ഫീസ് ഈടാക്കി സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കാർഡുകൾ ഭക്ഷ്യപൊതുവിതരണ വകുപ്പിന്‍റെ ഭാവിയിലെ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാനാവും. അടുത്ത സീസണിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 16ന് തുടങ്ങും. അടുത്ത വർഷം മുതൽ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. നെല്ല് സംഭരണം സുഗമമാക്കാൻ കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ജില്ലതിരിച്ച് ചർച്ചകൾ നടത്തും. ആദ്യഘട്ടം പാലക്കാട് ആഗസ്റ്റ് 26ന് നടക്കും.
സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂനിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും ജീവനക്കാർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.