Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1964-ലെ ഭൂപതിവ്...

1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി, മലയോരജനതയുടെ ഭൂമി വിവേചനത്തിന് അറുതിയാകും

text_fields
bookmark_border
1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി, മലയോരജനതയുടെ ഭൂമി വിവേചനത്തിന് അറുതിയാകും
cancel

1964-ലെ ഭൂപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോരജനതയുടെ ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് അറുതിയാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയില്‍ എല്‍.ഡി.എഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ മുന്നൂറ്റിയെണ്‍പതാമത്തെ ഉറപ്പ് ഇങ്ങനെയായിരുന്നു:

'ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍1964 ലെ ഭൂപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തും. പ്രകടന പത്രികയില്‍ പറഞ്ഞ ഈ കാര്യം ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

സംസ്ഥാന ചരിത്രത്തിലെ നിര്‍ണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബര്‍ 14ന് കേരള നിയമസഭ വേദിയായത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കും മാറ്റം വരും.

മലയോര മേഖലയിലെ ഭൂമി പ്രശ്നത്തെ സര്‍ക്കാര്‍ കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്നമാണെന്ന് കാണണം. ഈ പശ്ചാത്തലത്തില്‍, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ 'കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍', ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവും.

പതിച്ചു നല്‍കിയ ഭൂമിയില്‍ കൃഷിക്കും വീടിനും പുറമെ സര്‍ക്കാര്‍ അനുമതികളോടെ കാര്‍ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയോടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് മുന്‍പ്, തിരുവിതാംകൂര്‍ കൊച്ചി പ്രദേശത്ത് ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരുവിതാംകൂര്‍കൊച്ചി ഭൂമി പതിച്ചുകൊടുക്കല്‍ നിയമപ്രകാരമായിരുന്നുവെങ്കില്‍ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മലബാറില്‍ അത്തരത്തില്‍ നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല.

ഇത്തരത്തില്‍ ഭൂമി പതിച്ചുകൊടുക്കുന്നതില്‍ നിലനിന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ല്‍ കേരള ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും അതിനെ പിന്തുടര്‍ന്ന് 1964 ല്‍ കേരള ഭൂപതിവ് ചട്ടങ്ങളും നിലവില്‍ വന്നത്. ഈ നിയമവും ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനല്‍കിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പട്ടയഭൂമികളില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിര്‍മ്മിച്ച ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റു വാണിജ്യ സ്ഥാപനങ്ങളുമെല്ലാമടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയില്‍ നടത്തിയ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകള്‍ നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബില്‍ഡിംഗ് പെര്‍മിറ്റും മറ്റ് അനുമതികളും നല്‍കി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു.

പിന്നീട് പരിസ്ഥിതി സംഘടനകള്‍ 1964 ലെ ഭൂ പതിവ് ചട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി നല്‍കിയ ചില പരാതികളുടെയും തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളുടെയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. 2010 ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിര്‍ത്തിവെക്കേണ്ടി വന്നു. ഇവയില്‍ പലതിനും നിര്‍മ്മാണ അനുമതി ലഭിച്ചതുമായിരുന്നു.

മലയോര മേഖലയില്‍ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കപ്പെട്ട ഭൂമി കൃഷിയും ഗൃഹ നിര്‍മ്മാണവുമല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 1964 ലെ ചട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോടതി വിധികളുണ്ടായത് മലയോര കര്‍ഷകര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. പതിച്ചു കിട്ടിയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകെ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നിയമവിരുദ്ധമാണെന്ന് കണക്കാക്കപ്പെടുന്ന നിലയുണ്ടായി.

ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ എത്തിയത്. രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, മതമേലദ്ധ്യക്ഷന്‍മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായാണ് നിയമസഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടത്.

ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥയില്‍ പറഞ്ഞതില്‍ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടവയാണ് ക്രമീകരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇപ്രകാരം ക്രമീകരിക്കുന്നതിന് സര്‍ക്കാറിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960 ലെ ഭൂപതിവ് നിയമത്തില്‍ കൊണ്ടുവരികയാണ് ചെയ്തത്. അതായത്, കാര്‍ഷികവൃത്തിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയതും എന്നാല്‍ ഇപ്പോള്‍ അതില്‍ ഏര്‍പ്പെടാത്തതുമായ ഭൂമി, നിബന്ധനകള്‍ക്ക് വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂപതിവ് നിയമഭേദഗതി വരുന്നത്. ജീവിതോപാധികള്‍ കരുപ്പിടിപ്പിക്കാനുതകും വിധത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി ഭൂമി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികള്‍. ഇപ്രകാരം, നിലവിലുള്ള ചെറു നിര്‍മാണങ്ങളും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവല്‍ക്കരിക്കാനാണ് നിയമഭേദഗതി വഴി ഉദ്ദേശിക്കുന്നത്.

ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവല്‍ക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാര്‍ഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീന്‍ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പോലുള്ള പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് അതി ദീര്‍ഘമായ ചര്‍ച്ചകളിലൂടെ മാത്രമേ ചട്ടങ്ങള്‍ രൂപീകരിക്കുകയുള്ളൂ.

ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചരിഞ്ഞ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ പുതിയ കെട്ടിട നിര്‍മ്മാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൃഷിക്കായി പതിച്ചു നല്‍കിയ ഭൂമി പരിവര്‍ത്തനം ചെയ്തുപയോഗിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. ഉദാഹരണം : തമിഴ്നാട്, ആന്ധ്രാ പ്രദേശ്. ഇത്തരം മാതൃകകള്‍ കൂടി സ്വീകരിച്ചായിരിക്കും മതിയായ ചര്‍ച്ചകളിലൂടെ ചട്ടങ്ങള്‍ നിര്‍മ്മിക്കുക.

മലയോരജനത കാലങ്ങളായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയോടെ അറുതിയാവുകയാണ്. കുടിയേറ്റ ജനതയുടെ ജീവിതപ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ഉറച്ച നിലപാടാണ് ഭൂപതിവ് ഭേദഗതി ബില്ലില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerLand law
News Summary - 1964 Land Act: Chief Minister Press Conference
Next Story