കൊറിയർ വഴി എം.ഡി.എം.എ കടത്ത്: രണ്ട് പേർ കൂടി പിടിയിൽ
text_fieldsഅങ്കമാലി: അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി ലഹരി വസ്തുവായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്സൽ (25), നെടുമ്പാശേരി അത്താണി പേരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. സംഭവത്തിൽ ചെങ്ങമനാട് നിലാത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്സലായി വന്ന 200 ഗ്രാം എം.ഡി.എം.എ കൈപ്പറ്റി പോകുന്ന വഴിയാണ് അജ്മൽ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടമശേരിയിലെ കൊറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എം.ഡി.എം.എ കൂടി പിടികൂടിയത്. മുംബെയിൽ നിന്നാണ് രണ്ടു സ്ഥലത്തേക്കും ലഹരി വസ്തുക്കൾ അയച്ചത്.
ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ അയച്ചത്. അഫ്സലാണ് അജ്മലിനൊപ്പം മുംബൈയിൽ നിന്ന് സാമ്പിൾ പരിശോധിച്ച് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവാണ് എം.ഡി.എം.എ യുടെ പ്രാദേശിക വിൽപനക്കാരൻ. ചെറിയ പാക്കറ്റുകളാക്കിയാണ് വിൽപന. രണ്ടു പേരും നിരവധി കേസുകളിലെ പ്രതിയാണ്.
മയക്കുമരുന്ന് കടത്ത് തടയാൻ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യക ഓപറേഷനിലാണ് പ്രതികൾ പിടിയിലായത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടി, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ്, അങ്കമാലി ഇൻസ്പെക്ടർ പി.എം. ബൈജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.