ഉളിയിൽ അപകടം: രണ്ടുപേർ മരിച്ചു; അപകടത്തിൽപെട്ടത് വിവാഹസാധനങ്ങൾ വാങ്ങാൻ പോയ കുടുംബം
text_fieldsമട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഉളിക്കൽ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രൻ ലിജോ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് നടക്കുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് സാധനങ്ങൾ വാങ്ങാൻ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ‘ലക്ഷ്യ’ ബസ് ഉളിയിൽ പാലത്തിനടുത്ത സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ മട്ടന്നൂർ ഭാഗത്തുനിന്ന് എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെ.എ. 19എം.എൻ 8215 എന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപെട്ടത്.
ബസ് ഡ്രൈവറുടെ ഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്നു. ഇതിനകത്തുകുടുങ്ങിയവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ പടിക്കച്ചാൽ വഴി തിരിച്ചു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.