മകളെ നഷ്ടമായിട്ട് രണ്ട് വർഷം; നീതിക്കായി കാത്തിരിക്കുകയാണ് ഇൗ കുടുംബം
text_fieldsഇരവിപുരം: ചുരിദാറിൽ പകർത്തിയിരുന്ന കുറിപ്പു നോക്കി പരീക്ഷയെഴുതിയെന്നാരോപിച്ച് അധ്യാപകർ ശകാരിച്ച് പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയ ബിരുദവിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ രണ്ടുവർഷമായിട്ടും നീതി ലഭ്യമായില്ലെന്ന ആരോപണവുമായി കുടുംബം.
കൊല്ലം ഫാത്തിമാ മാതാ നാഷനൽ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന കൂട്ടിക്കട ശ്രീരാഗത്തിൽ രാധാകൃഷ്ണെൻറയും ശ്രീജാതയുടെയും മകളായ രാഖി കൃഷ്ണയാണ് (18) 2018 നവംബർ 28ന് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കോളജിൽ ബി.എ ഒന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.
ചുരിദാറിൽ പേന ഉപയോഗിച്ച് എന്തോ എഴുതിയിരിക്കുന്നതായി ഹാളിൽ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന അധ്യാപികയുടെ ശ്രദ്ധയിൽെപട്ടു. എന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കാതെ കോളജിലെ പരീക്ഷാ സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. പരീക്ഷാഹാളിൽനിന്ന് രാഖി കൃഷ്ണയെ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ശകാരിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. സ്റ്റാഫ് റൂമിലിരുന്ന രാഖി കൃഷ്ണ എങ്ങനെ പുറത്തു പോയി എന്നതിൽ സംശയമുണ്ട്.
വിവരമറിഞ്ഞ് പിതാവ് എത്തിയപ്പോൾ കുട്ടി ഓഫിസിലുണ്ടെന്ന് പറഞ്ഞതല്ലാതെ കാണാൻ കഴിഞ്ഞില്ലെന്ന് പിതാവ് പറയുന്നു. ആദ്യം കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മാതാപിതാക്കളുടെ മൊഴി എടുക്കുകയും ചെയ്തെങ്കിലും രണ്ടു വർഷമായിട്ടും മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ യുവജന കമീഷനും കേസെടുത്തിരുന്നു.
മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടിക്കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. നീതി ലഭ്യമാകും വരെ നിയമപോരാട്ടം തുടരും. വിശദ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരരുതെന്ന പ്രാർഥനയാണുള്ളതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കൊല്ലം എ.ആർ.ക്യാമ്പിനടുത്ത റെയിൽേവ മേൽപാലത്തിന് സമീപത്താണ് രാഖികൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.