20 കോടിയുടെ ഹഷീഷ് ഓയിൽ കടത്ത്; അഭിഭാഷകനടക്കം നാലുപേർക്ക് 10 വർഷം തടവ്
text_fieldsതൊടുപുഴ: 20 കോടി വിലവരുന്ന 17 കിലോ ഹഷീഷ് ഓയിൽ കടത്തിയ സംഭവത്തിൽ അഭിഭാഷകനും സഹകരണ ബാങ്ക് മുൻ അസിസ്റ്റൻറ് മാനേജരും ഉൾെപ്പടെ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും പിഴയും. എൻ.ഡി.പി.എസ് കോടതിയുടെ ജഡ്ജി നിക്സൺ എം. ജോസഫാണ് ശിക്ഷ വിധിച്ചത്. കേസിൽ അഞ്ചുപേരെ വിട്ടയച്ചു. വിവിധ കേസുകളിൽ ജയിലിലായതിനാൽ രണ്ട് പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.
ഇടുക്കി ജില്ല സഹ. ബാങ്ക് വട്ടവട ശാഖയിലെ മുൻ അസി. മാനേജർ നെടുങ്കണ്ടം തിരുവല്ലപ്പടി ഉറുമ്പിൽ വീട് എബിൻ ദിവാകരൻ (39), രാമക്കൽമേട് പതാലിൽ അഡ്വ. ബിജു രാഘവൻ (40), ശാന്തൻപാറ പന്തലാൽ ഷിനോ ജോൺ (42), മുൻ ശിവസേന നേതാവ് മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ജുമോൻ (41) എന്നിവരെയാണ് ശിക്ഷിച്ചത്. ഇതിൽ ഒന്നാംപ്രതി എബിൻ ദിവാകരൻ ഒന്നരലക്ഷം രൂപയും ബാക്കി മൂന്നുപേരും ഒരുലക്ഷം വീതവും പിഴ അടക്കണം.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. 2017 ആഗസ്റ്റ് 20ന് കട്ടപ്പനയിൽ നിന്നാണ് ഹഷീഷ് ഓയിൽ പിടിച്ചത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കട്ടപ്പന, കുമളി, വണ്ടിപ്പെരിയാർ സ്റ്റേഷനുകളിലെ എസ്.ഐമാരായ കെ.എം. സന്തോഷ് കുമാർ, ജോബി തോമസ്, ബ്രിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധന സംഘത്തെകണ്ട് എബിൻ ദിവാകരൻ കാർ നിർത്തി ഇറങ്ങിയോടി.
സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ പിൻസീറ്റിനടിയിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഹഷീഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. കൂടാതെ മുളകുപൊടിയും ആയുധങ്ങളും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ബിജു, ഷിനോ, അഞ്ജുമോൻ എന്നിവരെ അപ്പോൾതന്നെ കസ്റ്റഡിയിലെടുത്തു.
കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആന്ധ്രയിലെ ധാരാകോണ്ടയിൽനിന്നാണ് ഹഷീഷ് ഓയിൽ ചെന്നൈ വഴി എത്തിച്ചതെന്ന് വ്യക്തമായി. ബംഗളൂരുവിലേക്ക് കൊണ്ടുപോയതിെൻറ ബാക്കി വിൽക്കാൻ കൊണ്ടുവരുേമ്പാഴാണ് കട്ടപ്പനയിൽ പിടിയിലാകുന്നത്.
ഓടി രക്ഷപ്പെട്ട എബിനെ പിന്നീട് വണ്ടൻമേട്ടിൽനിന്നാണ് പിടികൂടിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആൻറണിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി. എട്ട് പ്രതികളെക്കൂടി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിൽ പട്ടയംകവല സ്വദേശി വിപിൻ, മഞ്ഞപ്പെട്ടി സ്വദേശി ജോബിൻ എബ്രഹാം, മഞ്ഞപ്പാറക്കര സ്വദേശി അനന്ദു ഷാജി, കൊന്നത്തടി സ്വദേശി വിൻസെൻറ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. കൊട്ടക്കാമ്പൂർ സ്വദേശി സുരേഷ് വിചാരണക്കിടെ ജീവനൊടുക്കിയിരുന്നു. തങ്കമണി സ്വദേശി തങ്കച്ചൻ, മൈപ്പാൻ ബിജു എന്നിവരുടെ വിചാരണയാണ് ഇനി നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.