ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20ഓളം പേർ ചികിത്സ തേടി
text_fieldsകായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലിൽനിന്ന് ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വിവിധ ആശുപത്രികളിലായി 20ഓളം പേർ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ അടച്ചുപൂട്ടി. ഞായറാഴ്ച രാത്രിയാണ് ഇവർ ഷവായ് കഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ഛർദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ.
മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയിൽ എത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) തുടങ്ങിയവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കഴിഞ്ഞ ദിവസം കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസിൽ നിന്ന് നെയ്റോസ്റ്റും ചട്ണിയും കഴിച്ച എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവർക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഇവർ എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സ തേടി. തുടർന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വൃത്തിഹീനമായ ഹോട്ടലും പരിസരവും ശുചീകരിക്കാൻ മൂന്നുദിവസം സമയം അനുവദിച്ചു.
ചട്ണിയിൽ നിന്നുള്ള അണുബാധയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് കരുതുന്നതായി നഗരസഭ ആരോഗ്യവിഭാഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.