കാസർകോട് സീറ്റിനായി 20 ലക്ഷം ചോദിച്ചെന്ന്; ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റിനെതിരെ കോഴ ആരോപണം
text_fieldsകോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ ചോദിച്ചെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപണം ഉന്നയിച്ചതായാണ് വിവരം. വെള്ളിയാഴ്ച ചേർന്ന ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് കാസിം ഇരിക്കൂർ വിഭാഗം ആരോപണവുമായി രംഗത്തെത്തിയത്.
കാസർകോട് സീറ്റിൽ സ്ഥാനാർഥിയാക്കാൻ ഐ.എൻ.എൽ കോട്ടയം ജില്ലാ പ്രസിഡന്റിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം. ഈ ആരോപണം നേരത്തെയും ഐ.എൻ.എലിൽ ഉയർന്നിരുന്നു. എം.എ. ലത്തീഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കോഴയാരോപണം അന്വേഷിക്കുകയാണ്. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
വെള്ളിയാഴ്ച നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം വാക്പോരിലും ബഹളത്തിലും കലാശിച്ചിരുന്നു. കൈയാങ്കളിയുടെ വക്കോളമെത്തിയ തർക്കം മുതിർന്ന നേതാക്കൾ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. ചില നേതാക്കളുടെ ശൈലികൾക്കും പ്രവർത്തനങ്ങൾക്കുമെതിരെയാണ് വിമർശനമുയർന്നത്. സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പരസ്പര വിശ്വാസമില്ലാതെ പെരുമാറുന്നതായി അംഗങ്ങൾ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ സംബന്ധിച്ചും വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.