സിൽവർ ലൈനിന് ഇരുവശത്തുമായി 20 മീറ്റർ ബഫർ സോൺ -കെ. റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ ഇരുവശത്തും 10 മീറ്റർ വീതം മൊത്തം 20 മീറ്റർ ബഫർ സോൺ (നിർമാണ വിലക്ക്) ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ച് കെ. റെയിൽ. ബഫർ സോൺ സംബന്ധിച്ച് മന്ത്രി സജി ചെറിയാനും കെ റെയിൽ എം.ഡി അജിത് കുമാറും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി കെ റെയിൽ അധികൃതർ തന്നെ രംഗത്തെത്തിയത്.
പാളത്തിന്റെ ഇരുവശത്തും 10 മീറ്റർ വീതം ആകെ 20 മീറ്ററാണ് ബഫർ സോൺ ഉണ്ടാവുക. ഈ 10 മീറ്ററിൽ ആദ്യ 5 മീറ്ററിൽ ഒരുവിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ. റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വ്യക്തമാക്കുന്നു.
അതേസമയം, സിൽവർ ലെൻ ഡി.പി.ആറിന്റെ ഭാഗമായ എക്സിക്യൂട്ടിവ് സമ്മറി പ്രകാരം ബഫർ സോൺ 30 മീറ്ററാണ്. എന്നാൽ, വാർത്തസമ്മേളനത്തിൽ കെ-റെയിൽ എം.ഡി വി. അജിത്കുമാർ വിശദീകരിച്ചത് പത്ത് മീറ്ററാണ് ബഫർ സോണെന്നാണ്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് സമരസമിതിക്ക് നൽകിയ മറുപടിയിൽ കെ-റെയിൽ വിശദീകരിക്കുന്നത് ബഫർ സോൺ 15 മീറ്ററെന്നാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ പുരോഗമിക്കുന്നതിനിടെ ബഫർ സോണേ ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്. പിന്നീട് ഇത് മന്ത്രി തിരുത്തി.
ഇരു വശങ്ങളിലും 15 മീറ്റർ വീതമാണെന്നാണ് എക്സിക്യൂട്ടിവ് സമ്മറിയിൽ പറയുന്ന 30 മീറ്റർ. അങ്ങനെയെങ്കിൽ എം.ഡി വാർത്ത സമ്മേളനത്തിലും കെ റെയിൽ ഇപ്പോൾ ഫേസ്ബുക് പോസ്റ്റിലും പറയുന്ന 10 മീറ്ററെന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ചോദ്യമുയരുന്നു. ബഫർ സോണിലെ അവ്യക്തയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം തന്നെ എം.ഡി വ്യക്തത വരുത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം.
ബഫര്‍ സോണ്‍ പ്രദേശത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങൾക്ക് വിലക്കും നിയന്ത്രണവും ബാധകമാകുന്നത്. എം.ഡി പറഞ്ഞത് പ്രകാരം ആദ്യത്തെ അഞ്ച് മീറ്ററിൽ നിർമാണങ്ങളൊന്നും പാടില്ല. അടുത്ത അഞ്ച് മീറ്ററിൽ അനുമതിയോടെ നിർമാണമാകാം. എന്നാൽ, ഈ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്നതാണ് ഉടമകളെ വെട്ടിലാക്കുന്നത്. ഇവ വിൽക്കാനും കഴിയില്ല. അഞ്ചുമീറ്റർ പരിധിയിൽ കെട്ടിടമുണ്ടെങ്കിൽ പൊളിക്കേണ്ട, പക്ഷേ പുതുക്കിപ്പണിയാൻ അനുവാദം ഉണ്ടാകില്ലെന്നാണ് കെ-റെയിലിന്റെ നിലപാട്.
ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരുവശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുള്ള കാര്യവും കെ റെയിൽ ചൂണ്ടിക്കാട്ടി. ഈ പ്രദേശത്ത് കെട്ടിട നിർമാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. ദേശിയപാതകളിൽ നിലവിൽ 5 മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമാണ നിയന്ത്രണം 3 മീറ്റർ ആണെന്നും -കെ റെയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.