20 വർഷംമുമ്പ് പിതാവ് അകാലത്തിൽ മരിച്ചു, ഇപ്പോഴിതാ നിജാസും; എം.ബി.ബി.എസ് വിദ്യാർഥിയുടെ മരണത്തിൽ ദുഃഖത്തിലാഴ്ന്ന് ഒരു നാട്
text_fieldsതിരുവനന്തപുരം: പോണ്ടിച്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർഥിയും മലയാളിയുമായ കഴക്കൂട്ടം സ്വദേശി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചത് കഴിഞ്ഞ ദിവസമാണ്. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ വിദ്യാർഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്. നിജാസിന്റെ പിതാവ് നവാസ് 20 വര്‍ഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. അതിനു ശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിജാസിന്‍റെ ആകസ്മിക മരണം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ചൊവാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ 8 മണിക്ക് ക്ലാസ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ പീരിഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അധ്യാപകരും ഉടൻ തന്നെ സമീപത്തെ ജിപ്മർ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.
അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് നിജാസിന്റെ അകാല മരണം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ നാട്ടിൽ എത്തിച്ച മൃതദേഹം ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.