പെൺകുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും
text_fieldsകോഴിക്കോട്: ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസിൽ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും. മീഞ്ചന്ത, അരയൻ തോപ്പിൽ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു.
വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 111 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച 111 വർഷത്തെ തടവ് ഒരുമിച്ച് 30 വർഷം അനുഭവിച്ചാൽ മതിയാകും. പീഡനവിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.
കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. സ്പെഷൽ ക്ലാസുണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ പകർത്തി.
സംഭവശേഷം ഭയന്ന് കുട്ടി ട്യൂഷന് പോകാതെയായി. വിഷയം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയും ചെയ്തുവത്രെ. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മിൽ തർക്കവുമുണ്ടായി. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി കൊടുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു.
സംഭവ ദിവസം പ്രതി ഓഫിസിൽ ആയിരുന്നുവെന്നും ഇതിനായി രജിസ്റ്ററിൽ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർമാരായ എ.കെ. ഷെറി, കെ.ആർ. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.