പോക്സോ കേസിൽ സി.പി.ഐ മുൻ നേതാവിന് 20 വര്‍ഷം കഠിനതടവ്
text_fieldsപാറശ്ശാല: പോക്സോ കേസില്‍ സി.പി.ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് 20 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും. പരശുവയ്ക്കൽ പനയറക്കാല മാവറത്തല ഷിനുവിനെയാണ് (41) നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി എസ്. രമേശ്കുമാർ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത നാലുകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പ്രതി വിചാരണ നേരിട്ടത്. രണ്ട് കേസിൽ ഇദ്ദേഹത്തിനെതിരെ 27വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. ശേഷിച്ച കേസുകളിലാണ് തിങ്കളാഴ്ച വിധിപറഞ്ഞത്. ഇതോടെ എല്ലാ കേസുകളിലുമായി 47 വർഷം കഠിന തടവ് അനുഭവിക്കണം. 2022-2023 കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. പാറശ്ശാല സ്റ്റേഷനിലെ എസ്.എച്ച്.ഒ എസ്.എസ്. സജികുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാർ, ശ്യാമളാദേവി എന്നിവർ ഹാജരായി.
സ്കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറയുകയായിരുന്നു. ചൈല്ഡ്ലൈന് അധികൃതർ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഷിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.ഐ ഉദിയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.