200 കോടി കുടിശ്ശിക; ‘കാരുണ്യ’യിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിൻവാങ്ങുന്നു
text_fieldsതിരുവനന്തപുരം: ഇൻഷുറൻസ് പദ്ധതിയിൽ സൗജന്യ ചികിത്സ നൽകിയ ഇനത്തിൽ സർക്കാറിൽനിന്ന് കോടികൾ കുടിശ്ശികയായതോടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. പല സ്വകാര്യ ആശുപത്രികളും സ്വകാര്യ മെഡിക്കൽ കോളജുകളും ഇക്കാര്യം വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കുകയാണ്. സൗജന്യ ചികിത്സ പ്രതീക്ഷിച്ചെത്തുന്ന സാധാരണക്കാരാണ് ഇതുവഴി വെട്ടിലാകുന്നത്.
ആശുപത്രിയിലെത്തുമ്പോഴാണ് ഇൻഷുറൻസ് കാർഡ് എടുക്കില്ലെന്ന വിവരമറിയുന്നത്. 42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലക്ഷ്യമിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കിയത്. ഇത്രയധികം കുടുംബങ്ങളിലായി 62 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. ഇൻഷുറൻസ് ഇനത്തിൽ 200 കോടിയോളം രൂപ ആശുപത്രികൾക്ക് സർക്കാർ നൽകാനുണ്ടെന്നാണ് വിവരം. ഇൻഷുറൻസ് ഇനത്തിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശികയും ഇതുവഴി രോഗികൾക്കുണ്ടാകുന്ന പ്രയാസങ്ങളെയും കുറിച്ച് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ നാലിലേറെ ചോദ്യങ്ങളുണ്ടായി.
ഇതുവരെ ആരോഗ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഡിസ്ചാർജ് നടപടി പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം ചികിത്സത്തുക ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. 15 ദിവസം കഴിഞ്ഞ്, വൈകുന്ന ഓരോ ദിവസത്തിനും നിശ്ചിത ശതമാനം പലിശ നൽകണം. വ്യവസ്ഥകൾ ഇങ്ങനെയൊക്കെയെങ്കിലും ആറുമാസം വരെ കുടിശ്ശിക നൽകാനുള്ള ആശുപത്രികളുണ്ടെന്നാണ് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
കാരുണ്യ ബനവലന്റ് ഫണ്ട്, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് തുടങ്ങിയ വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികളെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ഏകോപിപ്പിച്ച് 2020 ജൂലൈ ഒന്ന് മുതൽ സർക്കാർ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കാരുണ്യ ബനവലന്റ് ഫണ്ടിലേക്ക് വക കണ്ടെത്തുന്നതിനുള്ള കാരുണ്യ ലോട്ടറി വിറ്റത് വഴി 2022-23ൽ 3301.56 കോടിയാണ് ലഭിച്ചത്. കാരുണ്യ ലോട്ടറി വഴി 1707.85 കോടിയും കാരുണ്യ പ്ലസ് ലോട്ടറി വഴി 1593.71 കോടിയും. സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ കേന്ദ്രവിഹിതം കിട്ടാത്തതാണ് കുടിശ്ശികക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.