പുറംകടലിൽ നിന്ന് 200കിലോ ഹെറോയിൻ പിടിച്ച സംഭവം: പാകിസ്താൻ വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് എൻ.സി.ബി
text_fieldsകൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം നാവികസേന പിടിച്ചെടുത്ത ഹെറോയിൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാജി സലിമാണ് കള്ളക്കടത്തിന്റെ സൂത്രധാരൻ. വിൽപനയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക്ഉപയോഗിക്കുന്നുണ്ടോയെന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിർമിച്ച ഹെറോയിൻ ആദ്യം പാകിസ്താനിലെത്തിച്ച ശേഷം അവിടെ നിന്ന് ഇറാനിയൻ ബോട്ടിൽ ഇന്ത്യയിലും ശ്രീലങ്കയിലും വിൽക്കുന്നതിനായി കൊണ്ടുവരികയായിരുന്നു. വാട്ടർ പ്രൂഫായ ഏഴ് ലെയർ പാക്കുകളിലായി സൂക്ഷിച്ച ഹെറോയിൻ ശ്രീലങ്കൻ ബോട്ടിലേക്ക് കൈമാറാനിരിക്കെയാണ് പിടികൂടിയത്. ശ്രീലങ്കൻ ബോട്ടിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആറ് ഇറാൻ പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
1200 കോടി രൂപ വിലമതിക്കുന്ന 200 കിലോ ഹെറോയിൻ ആണ് കഴിഞ്ഞ ദിവസം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടിച്ചെടുത്തത്.
പാക്കറ്റുകളിൽ അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും കാർട്ടലുകൾക്ക് മാത്രമുള്ള മാർക്കിംഗും പാക്കിംഗ് പ്രത്യേകതകളും ഉണ്ടെന്ന് ഓഫീസർ പറഞ്ഞു. ചില മയക്കുമരുന്ന് പാക്കറ്റുകളിൽ കരിന്തേളിന്റെ ചിഹ്നവും ചിലതിൽ ഡ്രാഗൺ ചിഹ്നവും സീൽ ചെയ്തിട്ടുണ്ട്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ഇറാനിയൻ ബോട്ടിലെ ആളുകൾ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായും ഹെറോയിൻ വെള്ളത്തിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചതായും എൻ.സി.ബി ഓഫീസർ പറഞ്ഞു.
അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും വഴി ഇന്ത്യയിലേക്ക് അഫ്ഗാൻ ഹെറോയിൻ കടത്തുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രമാതീതമായി വർധിച്ചതായി എൻ.സി.ബി പറഞ്ഞു.
അഫ്ഗാനിസ്താനിൽ നിന്ന് ഇറാന്റെയും പാകിസ്താന്റെയും മക്രാൻ തീരത്തേക്കും തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുമുള്ള തെക്കൻ റൂട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവമായിരിക്കുകയാണെന്നും എൻ.സി.ബി ഓഫീസർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.