തെരഞ്ഞെടുപ്പ് ഇരുട്ടിലാകാതിരിക്കാൻ പുറമെനിന്ന് അധിക വൈദ്യുതി
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പുകാലത്ത് ഉപഭോഗം കൂടുന്നത് കണക്കിലെടുത്തും വേനൽക്കാല മുൻകരുതലായും ഏപ്രിൽ, േമയ് മാസങ്ങളിൽ സർക്കാർ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങുന്നു.
വായ്പയായി വാങ്ങി പിന്നീട് തിരിച്ചുനൽകുന്ന തരത്തിൽ നടന്ന ആലോചനകൾ വിജയിക്കാതിരുന്നതോടെ നേരിട്ട് വിലനൽകിയാണ് വാങ്ങുക. ഡീപ് പോര്‍ട്ടല്‍ വഴി 200 മെഗാവാട്ട് വാങ്ങാനാണ് ധാരണയായത്.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പവര്‍എക്സ്ചേഞ്ച് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് ഡീപ് (ഡിസ്കവറി ഓഫ് എഫിഷ്യൻറ് ഇലക്ട്രിസിറ്റി പ്രൈസ്). 100 മെഗാവാട്ട് സമയനിബന്ധനയില്ലാതെയും 100 മെഗാവാട്ട് ഉച്ചക്ക് രണ്ടിനും രാത്രി 12 നും ഇടയിലും വാങ്ങാനാണ് തീരുമാനം.
അദാനി എൻറര്‍പ്രൈസസിന് കീഴിലെ ഛത്തിസ്ഗഢിെല റായ്പുര്‍ എനര്‍ജി ലിമിറ്റഡ്, ജി.എം.ആര് എനര്‍ജി ട്രേഡിങ് ലിമിറ്റഡ്-ഡല്‍ഹി, പി.ടി.സി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ഡീപ് പോര്‍ട്ടലില്‍ കൂടുതല്‍ വൈദ്യുതി ലേലത്തിന് എത്തിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വൈദ്യുതി ഉപഭോഗം കാര്യമായി വർധിക്കാറുണ്ട്.
പോളിങ് ദിവസങ്ങളിലും വോട്ടെണ്ണൽ-അനുബന്ധ ദിവസങ്ങളിലും റെക്കോഡ് ഉപഭോഗമാണ് പതിവ്. കഴിഞ്ഞ പാര്‍ലമെൻറ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനത്തിലാണ് ഏറ്റവും കൂടിയ പ്രതിദിന ഉപയോഗം രേഖപ്പെടുത്തിയത്. 2019 മേയ് 23ലെ 88.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗമാണ് റെക്കോഡ്. വേനല്‍ ശക്തമായി തുടരുന്നതും ഉപഭോഗം വർധിപ്പിക്കുന്നു.
ഇടുക്കി വൈദ്യുതി പൂര്‍ണമായി ലഭ്യമായാലും ഏപ്രില്‍, മേയ് മാസങ്ങളില്‍ 180 മുതൽ 440 മെഗാവാട്ട് വരെ കമ്മിയുണ്ടാകുമെന്നാണ് വൈദ്യുതി വകുപ്പ് വിലയിരുത്തല്‍.
ഏതെങ്കിലും സാഹചര്യത്തില്‍ കേന്ദ്രപൂള്‍-ദീര്‍ഘകാല കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായാല്‍ കടുത്ത പ്രതിസന്ധിയുമാകും. സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. ദിവസങ്ങളായി 80 ദശലക്ഷം യൂനിറ്റിന് മുകളിലാണ് പ്രതിദിന ഉപഭോഗം.
ഞായറാഴ്ച മാത്രമാണ് അൽപമെങ്കിലും കുറവ്. 80.6716 ദശലക്ഷം യൂനിറ്റായിരുന്നു ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം. ഇതിൽ 23.8794 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. പുറെമനിന്ന് വാങ്ങിയത് 56.7922 ദശലക്ഷം യൂനിറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.