ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്ക പിടികൂടി
text_fieldsനെടുങ്കണ്ടം: നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്കയും വാഹനവും ബോഡിമെട്ടില്‍ ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. 60 ലക്ഷം രൂപ വിലവരുന്ന ഏലക്കയാണ് ബോഡിമെട്ട് ചെക്‌പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.
മതിയായ രേഖകളില്ലാതെയും നികുതിയടക്കാതെയും തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. ബി.എല്‍.റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന ജി.എസ്.ടി. വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജന്‍സ് ജോ.കമീഷണര്‍ ബി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധന നടത്തി ഏലക്ക പിടികൂടിയത്.
ഏലക്കയും വാഹനവും ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനിലേല്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കിയ ശേഷം ഏലക്കയും വാഹനവും വിട്ടു നല്‍കും.
ജി.എസ്.ടി.എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ഡപ്യൂട്ടി കമീഷണര്‍ എസ്.റെജി,അസി.കമീഷണര്‍ ബിജു സക്കറിയ,ഡപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എന്‍.വാസുദേവന്‍,അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരായ ആര്‍.രാഹുല്‍,നോബി കിരണ്‍ സാബു,ഡ്രൈവര്‍ സനല്‍ എന്നിവരടങ്ങിയ സംഘമാണ് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.
ഉദ്യോമഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി തമിഴ്‌നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.