പ്രതിസന്ധിയിലും കണ്ണ് തുറക്കുന്നില്ല, നികുതി കുടിശ്ശിക 20,000 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കടുത്ത അലംഭാവമെന്ന് കണക്കുകൾ. 2016-2017 ൽ 11866.96 കോടി രൂപയായിരുന്ന കുടിശ്ശിക 20,000 കോടി പിന്നിട്ടു. തനത് നികുതി വരുമാനം വർധിച്ചത് വലിയ അവകാശവാദമായി ധനവകുപ്പ് ഉന്നയിക്കുമ്പോഴും കുടിശ്ശിക കാര്യത്തിൽ മൗനം തുടരുകയാണ്. കിട്ടാനുള്ള തുക സമാഹരിക്കാൻ ഊർജിത ഇടപെടൽ നടത്താതെ ബാധ്യതയാകുന്ന കടമെടുപ്പിനാണ് സർക്കാറിനും താൽപര്യം. 2022 മാർച്ച് വരെ 28,258 കോടി രൂപ നികുതി കുടിശ്ശികയുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കുടിശ്ശിക ‘കേരളമുണ്ടായ കാലം മുതൽക്കേയുള്ളതാണെന്ന’ ലാഘവമായിരുന്നു അന്ന് ധനവകുപ്പിന്.
കോടതി വ്യവഹാരത്തിലുള്ള തുക, തർക്കരഹിതമായ തുക എന്നിങ്ങനെ രണ്ട് ഇനത്തിലാണ് നികുതി കുടിശ്ശിക. 20,000 കോടി കുടിശ്ശികയിൽ 27 ശതമാനത്തോളം മാത്രമാണ് കോടതി വ്യവഹാരത്തിലുള്ളത്; 5914.13 കോടി. 2022-23 ലെ കണക്ക് പ്രകാരം 19,975.43 കോടിയാണ് കുടിശ്ശിക. കോവിഡ് കാലത്തൊഴികെ കുടിശ്ശിക ഇങ്ങനെ ഉയർന്ന സ്ഥിതിയുണ്ടായിട്ടില്ല.
കേരള മൂല്യവര്‍ധിത നികുതി നിയമം (വാറ്റ്), കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേരള നികുതി സര്‍ചാര്‍ജ് നിയമം എന്നിവയുടെ പരിധിയിൽ വരുന്ന കുടിശ്ശികയാണ് ഏറെയും. നികുതി സംവിധാനം ജി.എസ്.ടിയിലേക്ക് മാറിയിട്ടു വർഷങ്ങൾ കഴിഞ്ഞു. കുടിശ്ശിക പിരിവ് ഊർജിതമാക്കാൻ ബജറ്റിൽ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല.
കുടിശ്ശിക പിരിവിൽ താൽപര്യമില്ലെങ്കിലും നികുതിയും സർചാർജുമായി സാധാരണക്കാരുടെ ജീവിതം പൊള്ളുകയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായത് വൈദ്യുതിയിൽനിന്നുള്ള നികുതി-ഡ്യൂട്ടി ഇനത്തിലാണ്. 2022-23 ലെ 72 കോടിയില്‍നിന്ന് 2023-24 ല്‍ 373 കോടി ആയാണ് ഉയർന്നത്. 2024-25 വര്‍ഷത്തെ എസ്റ്റിമേറ്റ് 1100 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.