20,000 രൂപയും സ്കോച്ചും കൈക്കൂലി : പഞ്ചായത്ത് അസിസ്റ്റന്റ്റ് എൻജിനീയർ വിജിലൻസ് പിടിയിൽ
text_fieldsകോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചീനിയർ ഇ.ടി. അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങവെ ഇന്ന് വിജിലൻസിന്റെ പിടിയിലായത്.
കോട്ടയം ജില്ലയിലെ പ്രവാസി മലയാളിയായ ഷാജിമോൻ ജോർജ്, മാഞ്ഞൂർ സർക്കാർ സ്കൂളിനു സമീപം വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി ആറു നിലയിലുള്ള കെട്ടിടംം നിർമിക്കുന്നുണ്ടായിരുന്നു. അത് പൂർത്തീകരണ അവസ്ഥയിലുമാണ്. കെട്ടിടം നിർമിക്കുന്നതിനാനായി ആദ്യം നാല് നിലക്ക് പഞ്ചായത്തിൽ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചിരുന്നു. 2020 ജനുവരി മാസത്തിൽ പെർമിറ്റ് ലഭിച്ചു.
തുടർന്ന് രണ്ടുനിലയും കൂടി അധികമായി പണിയുന്നതിന് അനുമതിക്കായി 2022 ഫെബ്രുവരിയിൽ പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പെർമിറ്റ് അനുവദിച്ചില്ല. തുടർന്ന് ഈമാസം രണ്ടിന് നാട്ടിലെത്തി പരാതിക്കാരൻ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജിത്കുമാറിനെ കണ്ടു. ഇത്രയും വലിയ സംരംഭം തുടങ്ങുന്നതിന് കുറഞ്ഞത് 20,000 രൂപയും ഒരു സ്കോച്ചും കൈക്കൂലിയായി നൽകിയാൽ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് അജിത് കുമാർ അറിയിച്ചു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഈസ്റ്റേൺ റേഞ്ച്, കോട്ടയം പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശാനുസരണം കോട്ടയം കിഴക്കൻ മേഖല വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.വി മനോജ് കുമാർ കെണിയൊരുകി. ഇന്ന് ഉച്ചക്ക് 1.50ന് മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽവെച്ച് പരാതിക്കാരനിൽ നിന്നും 20,000 രൂപ കൈക്കൂലി വാങ്ങവെയാണ് കൈയ്യോടെ പിടികൂടിയത്.
സ്കോച്ച് ഓഫിസിൽവെച്ച് തരേണ്ടതില്ലെന്നും വൈകീട്ട് വന്ന് കാണമമെന്നും പരാതിക്കാരനോട് അറിയിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇതിന് മുമ്പും ഇതേ ആവശ്യത്തിനായി 5,000 രൂപയും സ്കോച്ചും കൈക്കൂലി വാങ്ങിയിരുന്നു. അറസ്റ്റിനുശേഷം പരാതിക്കാരന് ലഭിക്കേണ്ട പെർമിറ്റ് വിജിലൻസ് ഇടപെട്ട് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന വാങ്ങി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.