നൗഷാദ് യുവതലമുറക്ക് മാതൃക -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: കോഴിക്കോട് മാൻ ഹോളിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട നൗഷാദിനെ പ്രകീർത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നൗഷാദ് യുവതലമുറക്ക് മാതൃകയാണെന്ന് വെള്ളാപ്പള്ളി തൻെറ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൻറ വാക്കുകളെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചാനലുകൾ വളച്ചൊടിക്കുകയായിരുന്നു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നൗഷാദിൻെറ കുടുംബത്തിന് സർക്കാർ സഹായം നൽകിയതിനെ വർഗീയമായി വിമർശിച്ചത് വ്യാപക എതിർപ്പുകൾക്ക് വിധേയമായതോടെയാണ് നൗഷാദിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി പോസ്റ്റിട്ടത്. വിവാദ പരാമർശത്തെ തുടർന്ന് വെള്ളാപ്പള്ളിക്കെതിരെ ഇന്നലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വർഗീയത പരത്തുന്ന പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത് എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാതൃകയാണ്. മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റൊന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിൻെറ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
നൗഷാദിൻെറ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻെറ കുടുംബത്തിന് ഗവൺമെൻറ് ആനുകൂല്യങ്ങള്‍ നൽകിയതിൽ എനിക്കും എൻെറ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു. ഈ സഹായവിതരണത്തിന് തയ്യാറായ ഗവൺമെൻറ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും, അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാൻെറ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്. അതിനെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച ചാനല്‍ സുഹൃത്തുക്കള്‍ ഒന്നു മാത്രം അറിയുക. ഞാന്‍ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീരയുവാവിൻെറ കുടുംബവും കൂടിയാണ്. എൻെറ വാക്കുകളെ മനപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും തങ്ങളുടെ നീചമായ പ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.