മാര്‍ഗി സതി അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാകാരി മാർഗി സതി (50) അന്തരിച്ചു. അർബുദബാധിതയായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം.
നങ്ങ്യാർകൂത്തിനെ നവീകരിച്ച അതുല്യപ്രതിഭയായിരുന്നു മാർഗി സതി. 2001 ഒക്ടോബറിൽ കൂടിയാട്ടത്തെ ലോക പൈതൃക കലാരൂപമായി പ്രഖ്യാപിച്ച യുനസ്കോയുടെ വേദിയിൽ ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വിശിഷ്ടാതിഥികൾക്ക് മുന്നിൽ സതി കൂടിയാട്ടം അവതരിപ്പിച്ചു. സംസ്കൃത പണ്ഡിതരായ സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടെയും പാർവതി അന്തർജനത്തിെൻറയും മകളായി 1965ൽ തൃശൂർ ചെറുതുരുത്തിയിലായിരുന്നു ജനനം. 11ാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം അഭ്യസിച്ചുതുടങ്ങി.1988ൽ തിരുവനന്തപുരത്ത് മാർഗിയിൽ ചേർന്നു. പി.കെ. നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിലാണ് അവർ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2002ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2008ൽ കലാദർപ്പണം അവാർഡ്, നാട്യരത്ന പുരസ്കാരം എന്നിവ ലഭിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിെൻറ ജൂനിയർ ഫെലോഷിപ്പും നേടി. 96–98ൽ കേന്ദ്രമാനവശേഷി മന്ത്രാലയത്തിെൻറ ഫെലോഷിപ്പിന് അർഹയായി. ഭർത്താവ് ഇടയ്ക്ക വിദ്വാൻ സുബ്രഹ്മണ്യൻ പോറ്റി 2005ൽ കൂടിയാട്ടവേദിയിൽ ഷോക്കേറ്റ് മരിച്ചിരുന്നു. കൂടിയാട്ടം അവതരിപ്പിക്കാൻ സതി അണിയറയിൽ ഒരുങ്ങുന്നതിനിടെയായിരുന്നു ഈ അത്യാഹിതം. മകൾ രേവതി നങ്ങ്യാർകൂത്ത് കലാകാരിയാണ്. മകൻ ദേവനാരായണൻ (അപ്പു) കേരളവർമ കോളജിലെ ബിരുദ വിദ്യാർഥിയാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കരമന ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.