പ്ലാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗം: മിനിമം അധ്വാനപരിധിയും മുന്‍കാല പ്രാബല്യവും കീറാമുട്ടി; തീരുമാനമില്ല
text_fieldsതിരുവനന്തപുരം: അധ്വാനപരിധിയിലും കൂലി വര്‍ധനവിന്‍െറ മുന്‍കാലപ്രാബല്യത്തിലും തട്ടി പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം ചൊവ്വാഴ്ചയും തീരുമാനമാകാതെ പിരിഞ്ഞു. കൂലിക്ക് പുറമെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ തോട്ടം ഉടമകള്‍ ശാഠ്യം പിടിക്കുന്നതാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. തേയില, റബര്‍ എന്നിവയിലാണ് ചര്‍ച്ച നടന്നത്.
തേയില വിഷയത്തില്‍ 29 കിലോയായി പ്രതിദിന അധ്വാനപരിധി നിശ്ചയിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാല്‍, നിലവിലെ 21 കിലോയില്‍നിന്ന് അഞ്ച് കിലോ വര്‍ധിപ്പിച്ച് 26 കിലോ വരെയേ ട്രേഡ് യൂനിയനുകള്‍ സമ്മതിച്ചുള്ളൂ. കഴിഞ്ഞ യോഗത്തിലെ നിലപാട് മയപ്പെടുത്തി ഒരു കിലോ കൂടി വര്‍ധിപ്പിച്ച് ഈ നിലയിലേക്ക് ട്രേഡ് യൂനിയനുകള്‍ എത്തിയെങ്കിലും തൊഴിലുടമകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലയില്‍ മന്ത്രി ഷിബു ബേബിജോണ്‍ ആറ് കിലോവര്‍ധിപ്പിച്ച് 27 കിലോ എന്നത് യോഗത്തില്‍ മുന്നോട്ടുവെച്ചെങ്കിലും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായില്ല. ഇതോടെ ചര്‍ച്ച അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. റബര്‍ വിഷയത്തില്‍ മിനിമം അധ്വാനപരിധി വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
100 മരങ്ങള്‍ കൂടി വര്‍ധിപ്പിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. 300, 350, 400 എന്നിങ്ങനെ പലയിടങ്ങളിലും വ്യത്യസ്ത അധ്വാനപരിധിയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ ഒരു മരത്തിന്‍െറ വര്‍ധന പോലും സാധിക്കില്ളെന്നാണ് ട്രേഡ് യൂനിയനുകളുടെ നിലപാട്. 50 മരങ്ങളെങ്കിലും വര്‍ധിപ്പിക്കണമെന്ന മന്ത്രി മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിലപാടും ഫലം കണ്ടില്ല. ഇതോടെ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ച അനിശ്ചിതമായി അവസാനിക്കുകയായിരുന്നു. വര്‍ധിപ്പിച്ച കൂലിയുടെ മുന്‍കാല പ്രാബല്യത്തിലും തീരുമാനമായില്ല. 2015 ഒക്ടോബര്‍ മുതല്‍ മാത്രമേ വേതനവര്‍ധനക്ക് മുന്‍കാല പ്രാബല്യം നല്‍കാനാവൂ എന്നാണ് ഉടമകളുടെ നിലപാട്.
എന്നാല്‍, ഇത് 2015 ജനുവരി മുതല്‍ വേണമെന്നതാണ് ട്രേഡ് യൂനിയനുകളുടെ ആവശ്യം. അതേസമയം തേയില വിഷയത്തില്‍ അധികം ചെയ്യുന്ന ജോലിക്ക് നേരിയ വര്‍ധനക്ക് പി.എല്‍.സിയില്‍ തീരുമാനമായി. മിനിമം പരിധി കഴിഞ്ഞുള്ള ആദ്യത്തെ 14 കിലോയില്‍ ഓരോന്നിനും 80 പൈസയാക്കി ഉയര്‍ത്തി. നിലവിലിത് 60 പൈസയാണ്. തുടര്‍ന്നുള്ള അടുത്ത 14 കിലോക്ക് ഓരോന്നിനും നിലവിലെ 85 പൈസയില്‍നിന്ന് 1.10 രൂപയാക്കി വര്‍ധിപ്പിച്ചു. തൊട്ടടുത്ത 14 കിലോക്ക് 1.10 രൂപയില്‍നിന്ന് 1.50 രൂപയായും വര്‍ധന വരുത്തിയിട്ടുണ്ട്. ഈ നിരക്കിനനുസരിച്ച് ബോണസ്, പി.എഫ് എന്നിവ നല്‍കണമെന്നതിനാലാണ് വലിയ വര്‍ധനക്ക് ഉടമകള്‍ മുതിരാതിരുന്നത്. എന്നാല്‍, നിശ്ചയിച്ചിട്ടുള്ള ജോലി സമയത്തിന് പുറമെ രാവിലെ ഏഴിന് മുമ്പും രാത്രി അഞ്ചിന് ശേഷവും എടുക്കുന്ന അധിക ജോലിക്ക് മെച്ചപ്പെട്ട നിരക്കാണ് ഉടമകള്‍ നല്‍കുന്നത്. നിര്‍ണിതസമയത്തിന് പുറത്തുള്ള അധിക ജോലിക്കുള്ള വേതനത്തിന് ബോണസും വേതനവും ബാധകമല്ളെന്നതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.