മുഖ്യമന്ത്രിക്കെതിരെ കോഴക്ക് പിന്നാലെ ലൈംഗികാരോപണവും
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഞ്ചര കോടി രൂപ വാങ്ങിയെന്നും സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്നും സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ആരോപണം.
പലതവണയായി അഞ്ചര കോടി രൂപയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. അദ്ദേഹവുമായി വ്യാപാരലാഭം പങ്കിടുന്നതിനുള്ള ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍െറ ഓഫിസിനുമായി നാല്‍പത് ശതമാനവും കമ്പനിക്ക് അറുപത് ശതമാനവും എന്നായിരുന്നു ധാരണ. ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍െറയും തന്‍െറ വ്യക്തി ജീവിതത്തിലെയും വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍െറ ഓഫിസിനും പങ്കുണ്ട്.
തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ വെച്ചാണ് മുഖ്യമന്ത്രിയോടും മകനോടും സംസാരിച്ചത്. അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം വലിയ പദ്ധതികളിലേക്ക് ഇറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പാലക്കാട്ടെ കിന്‍ഫ്രയിലെയും ഇടുക്കിയിലെ കൈലാസപ്പാറയിലെയും അടക്കം വലിയ പ്രോജക്ടുകളിലേക്കായി കമ്പനിയുടെ പിന്നത്തെ ശ്രദ്ധ.
കിന്‍ഫ്രയിലെ പ്രോജക്ട് ഏകദേശം 400 കോടി രൂപ വരുന്നതായിരുന്നു. സോളാര്‍ പദ്ധതികളിലെ ലാഭ സാധ്യത മുടക്കുമുതലിന്‍െറ ശരാശരി 30 ശതമാനമായിരുന്നു. ഇതനുസരിച്ച് ഇതില്‍നിന്ന് മാത്രം 100 കോടിയില്‍ പരം രൂപ ലാഭം കിട്ടുമെന്ന് കണക്കു കൂട്ടി. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായം അനിവാര്യമായിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം, റോഡുകളുടെ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പിന്‍െറ സഹായം, പ്രദേശ വാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. വിന്‍ഡ് സര്‍വേ മുതലായ സാങ്കേതിക കാര്യങ്ങള്‍ കമ്പനിയും നിര്‍വഹിക്കും. ഇതായിരുന്നു ധാരണ.
എല്ലാ ചര്‍ച്ചകളും താനും മുഖ്യമന്ത്രിയും നേരിട്ടായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് 10 കോടി കരുതണമെന്ന് പറഞ്ഞിരുന്നു. ആദ്യം രണ്ടു തവണയായി മൂന്നു കോടി നല്‍കി. പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇതില്‍ ഒരു ഭാഗം നല്‍കിയത്. ജിക്കുമോനും സലിംരാജും അന്ന് അവിടെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള പണമിടപാടുകളില്‍ ജോപ്പനേക്കാള്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജിക്കുമോനും സലിംരാജും താന്‍ ഇതുവരെ പുറത്തുപറയാതിരുന്ന ആര്‍.കെ. എന്നയാളുമായിരുന്നു. തുകയില്‍ ശേഷിക്കുന്ന ഭാഗം നല്‍കിയത് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ ചെന്നാണ്. ജിക്കു മോന്‍െറ സാന്നിധ്യത്തിലാണ് താന്‍ നേരിട്ട് ഈ തുക നല്‍കിയത്.
മൂന്നാം തവണ ഒന്നര കോടി എറണാകുളം ഗെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി ആവശ്യപ്പെടുകയായിരുന്നു. മുറിയില്‍നിന്ന് എല്ലാവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടശേഷമായിരുന്നു ഇത്. സലിംരാജുമായി മുഖ്യമന്ത്രി ആ സമയത്ത് എന്തോ കാരണത്തിന് അകല്‍ച്ചയിലായിരുന്നു. സലിംരാജ് ആവശ്യപ്പെട്ട പണം നല്‍കാന്‍ വേണ്ടിയാണ് തന്നോട് ഒന്നര കോടി ആവശ്യപ്പെട്ടത്. ഈ പണം ഇനി അങ്ങോട്ടുള്ള ഇടപാടുകളില്‍ പരിഹരിച്ചു കൊള്ളാമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. ഈ തുക തൃശൂരിലെ രാമനിലയത്തില്‍ കൊണ്ടുപോയി അദ്ദേഹത്തിന് നേരിട്ട് നല്‍കി. അതിനുശേഷവും പല പ്രാവശ്യമായി ഒരു കോടി കൂടി നല്‍കി. 60 ലക്ഷം നേരിട്ടും 40 ലക്ഷം രൂപ അല്ലാതെയും.
ബിസിനസ്സിലെ പണമാണ് വകമാറ്റി ചെലവിട്ടത്. അത് ബിസിനസ്സിനെ ബാധിച്ചു. തന്‍േറയും സരിതയുടെയും ബന്ധം മോശമാകുന്നതിനും ഇത് ഇടയാക്കി. കേസില്‍ സരിത അറസ്റ്റിലായതിന് പിന്നാലെ താന്‍ കോയമ്പത്തൂരില്‍നിന്ന് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് ശാലുമേനോന്‍ അറസ്റ്റിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കേസില്‍ സഹായിക്കണമെന്ന് അതിനിടെ നേരില്‍ കണ്ടും അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താന്‍ പിടിയിലായത്. തന്നെ സഹായിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഭിഭാഷകന്‍ കൂടിയായ തോമസ് കൊണ്ടോട്ടി എന്നയാള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് പറഞ്ഞ് മൂന്നു പ്രാവശ്യം തന്നെ ജയിലില്‍ വന്നു കണ്ടു. പരോളില്‍ ഇറങ്ങാന്‍ അവസരം ഉണ്ടാക്കാമെന്നും ജാമ്യം തരപ്പെടുത്തി തരാമെന്നും തന്നോടും അമ്മയോടും പറയുകയും ചെയ്തു. എന്നാല്‍, ഇതൊന്നും യാഥാര്‍ഥ്യമായില്ല. ഒരാഴ്ച മുമ്പുവരെ മുഖ്യമന്ത്രിയില്‍ താന്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നുവെന്നും അതു നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് കാര്യങ്ങളൊക്കെ കമീഷന് മുന്നില്‍ തുറന്നു പറയുന്നതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.