ചട്ടം ലംഘിച്ച സ്ഥലംമാറ്റം: ഉദ്യോഗസ്ഥരില്‍ ആശങ്ക
text_fieldsകോട്ടയം: നിയമം നടപ്പാക്കുന്നതില്‍ ഒത്തുതീര്‍പ്പിന് വഴങ്ങാത്ത ഡി.ജി.പി കേഡറിലെ മൂന്നുപേരെ ഒഴിവാക്കി വിജിലന്‍സ് തലപ്പത്ത് എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ ഉദ്യോഗസ്ഥരിലും ആശങ്ക. ഇത്തരം നടപടികളും കീഴ്വഴക്കങ്ങളും ഭാവിയില്‍ തിരിച്ചടിയാകുമെന്ന സന്ദേഹത്തിലാണ് അവര്‍.
അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിന് അര്‍ഹതയുള്ള മൂന്നുപേരെയും സര്‍ക്കാറിന് വിശ്വാസമില്ളെന്ന വസ്തുതയും പുറത്തുവന്നു. സര്‍ക്കാറിന്‍െറ നിലനില്‍പിനെ പോലും ബാധിച്ചേക്കാവുന്ന കേസുകളാണ് വിജിലന്‍സ് നിലവില്‍ അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വിശ്വസിക്കാവുന്നവര്‍ തന്നെ തലപ്പത്ത് വേണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഫ്ളാറ്റ് മാഫിയയുടെ താല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന ഫയര്‍ഫോഴ്സ് മേധാവി ജേക്കബ് തോമാസിനെ മാറ്റിയതും തുടര്‍ന്ന് നിയമിച്ച അനില്‍കാന്ത് ഇതേ നിലപാട് സ്വീകരിച്ചപ്പോള്‍ ഒഴിവാക്കിയതും ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അഴിമതിക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കുകയാണെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 77 അനധികൃത കെട്ടിടങ്ങള്‍ക്കും ഫ്ളാറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കവും സര്‍ക്കാറില്‍ ശക്തമാണ്. എ.ഡി.ജി.പി അനില്‍കാന്ത് ഇതിനെതിരുനിന്നതാണ് സ്ഥാനം തെറിക്കാന്‍ കാരണമായത്.
നട്ടെല്ല് വളക്കാത്ത ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഡി.ജി.പി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരുണ്ടായിട്ടും ബാര്‍ കോഴയടക്കം കോടികളുടെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് തലപ്പത്ത് എ.ഡി.ജി.പിയായ ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതോടെ ഇക്കാര്യത്തിലുള്ള സര്‍ക്കാറിന്‍െറ ഒളിച്ചുകളി പുറത്തുവന്നതായും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വിസില്‍ ഏറ്റവും സത്യസന്ധരായി അറിയപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ഡോ. ജേക്കബ് തോമസും ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിങ്ങും വിജിലന്‍സ് ഡയറക്ടറാകാന്‍ യോഗ്യരായിരിക്കെ മൂവരെയും ഒഴിവാക്കിയാണ് എ.ഡി.ജി.പിയായ ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത്.
ഡയറക്ടര്‍ക്ക് പുറമെ വിജിലന്‍സില്‍ രണ്ട് എ.ഡി.ജി.പി തസ്തികയും നിലവിലുണ്ട്. അതിലൊന്ന് ഒഴിച്ചിട്ടാണ് ശങ്കര്‍ റെഡ്ഡിക്ക് ഡയറക്ടറുടെ ചുമതല നല്‍കിയത്. ഫലത്തില്‍ ഡയറക്ടറും കീഴുദ്യോഗസ്ഥനും ഒരേ റാങ്കില്‍ വരുന്നതിലെ ഒൗചിത്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കീഴ്വഴക്കമാണ് മാനദണ്ഡമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനം നഷ്ടപ്പെടുത്തരുതെന്ന് തന്നെയാണ് ബഹുഭൂരിപക്ഷത്തിന്‍െയും നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.