നൗഷാദിന്‍െറ ഭാര്യക്കും സുബിനേഷിന്‍െറ സഹോദരിക്കും ജോലി
text_fieldsതിരുവനന്തപുരം: മാന്‍ഹോളില്‍ വീണ ഇതരസംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് സ്വദേശി നൗഷാദിന്‍െറ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യക്കും മാതാവിനും അഞ്ചുലക്ഷം വീതം ധനസഹായം നല്‍കുമെന്നും മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
വെടിയേറ്റു മരിച്ച കൊയിലാണ്ടി സ്വദേശിയായ സുബിനേഷ് എന്ന ജവാന്‍െറ സഹോദരിക്കും സര്‍ക്കാര്‍ ജോലി നല്‍കും. മാതാപിതാക്കള്‍ക്കോ വിവാഹിതരാകാത്ത സഹോദരങ്ങള്‍ക്കോ ജോലി നല്‍കാമെന്നാണ് ചട്ടം. സുബിനേഷിന്‍െറ സഹോദരി വിവാഹിതയാണ്. അതിനാല്‍ നിലവിലെ ചട്ടത്തില്‍ ഇളവനുവദിച്ചാണ് ജോലി നല്‍കുന്നത്.
നൗഷാദിന്‍െറ ഭാര്യക്ക് ജോലിയും സാമ്പത്തിക സഹായവും നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതേക്കുറിച്ച വെള്ളാപ്പള്ളിയുടെ പരാമര്‍ശം വിവാദമായിരുന്നു.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
ക്ഷേമ പെന്‍ഷനുകള്‍ ബാങ്കുകള്‍ വഴി
പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് വഴി പെന്‍ഷന്‍ കിട്ടുന്നതില്‍ കാലതാമസം ഉണ്ടാകുന്നവര്‍ക്ക് ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് 2016 ജനുവരി 15 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരം. ക്ഷേമ പെന്‍ഷനുകള്‍ താമസംകൂടാതെ ലഭിക്കുന്നതിനാണിത്. ഓപ്ഷന്‍ നല്‍കുന്നവര്‍ക്ക് 2016 ജനുവരി 15 മുതല്‍ ബാങ്കുവഴി പെന്‍ഷന്‍ നല്‍കും. അതുവരെ നിലവിലെ സംവിധാനം തുടരും. ഇലക്ട്രോണിക് മണി ഓര്‍ഡര്‍ വഴിയും നിലവില്‍ ബാങ്കുകള്‍ വഴിയും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അത് തുടരാവുന്നതാണ്.
ലീഗല്‍ സര്‍വീസസ് അഥോറിറ്റികളില്‍ സെക്രട്ടറി
കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റികളില്‍ മുഴുവന്‍സമയ സെക്രട്ടറിമാരുടെ തസ്തികകള്‍ സൃഷ്ടിക്കും. ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ മുഖേന സബ് ജഡ്ജിമാരെ ഈ തസ്തികകളില്‍ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് മറ്റ് തസ്തികകളോ അധിക ചെലവോ അനുവദിക്കില്ല.
ദേശീയ ജലപാത: 150 ലക്ഷത്തിന്‍റെ നിര്‍മാണത്തിന് ഭരണാനുമതി
ദേശീയ ജലപാത കമ്മീഷന്‍ ചെയ്ത് ഉടന്‍ ചരക്ക് ഗതാഗതം ആരംഭിക്കുന്നതിന് ഉദ്യോഗമണ്ഡലിലും ചവറയിലും സ്ഥിരം ബര്‍ത്തും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് 150 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. തുക കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് നല്‍കും. കോവില്‍തോട്ടം പാലം നിര്‍മിക്കുന്നതിന് കെ.എം.എം.എല്ലിന്‍്റെ വിഹിതമായ 50 ശതമാനം തുക തല്‍ക്കാലം സര്‍ക്കാരില്‍ നിന്ന് നല്‍കും. സാമ്പത്തിക സ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് ഈ തുക കെ.എം.എം.എല്ലില്‍ നിന്ന് ഈടാക്കും.
ഹോര്‍ട്ടികോര്‍പ്പിന് 5 കോടി
വില ഉയര്‍ന്ന 13 ഇനം പച്ചക്കറികള്‍ 30 ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യുന്നതിന് ഹോര്‍ട്ടികോര്‍പ്പിന് 5 കോടി രൂപ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.