റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക്
text_fieldsതിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും ചൂഷണവും തടയുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) ബില്‍ നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. ഫ്ളാറ്റുകളുടെയും വീടുകളുടെയും വില്‍പനയും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ നിയമവിധേയമാക്കുന്ന ബില്ലില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കളുടെ സംരക്ഷണാര്‍ഥം പ്രത്യേക അതോറിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. സോളാര്‍ വിഷയത്തില്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രി മഞ്ഞളാംകുഴി അലി ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ച കൂടാതെയാണ് ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടത്. നിലവിലെ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണിത്.
കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഏര്‍പ്പെടുത്താതിരിക്കുക, നിലവാരം കുറഞ്ഞ സാധനസാമഗ്രികള്‍ ഉപയോഗിക്കുക, നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാതിരിക്കുക, അംഗീകൃത പ്ളാനില്‍നിന്ന് വ്യതിചലിക്കുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തുക, മതിയായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക തുടങ്ങിയവ തടയുകയാണ് ലക്ഷ്യം.
ഫ്ളാറ്റുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, ബിസിനസ്, ഐ.ടി, ഐ.ടി.ഇ.എസ് കെട്ടിടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നതിന് ഉപഭോക്താക്കളില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിക്കണമെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍െറയും സ്ഥലത്തിന്‍െറയും വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. പണം സ്വീകരിക്കുന്നതിന് പരസ്യം ചെയ്യണമെങ്കില്‍ അതോറിറ്റിയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. കെട്ടിടം വാങ്ങുന്നയാള്‍ കരാറില്‍നിന്ന് അന്യായമായി വ്യതിചലിച്ചാല്‍ നിര്‍മാതാക്കള്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാനും അവസരമുണ്ട്. ഫ്ളാറ്റുകള്‍ ഉടമകള്‍ക്ക് യഥാസമയം കൈമാറുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഫ്ളാറ്റുകള്‍ കൈമാറിയാല്‍ ഉടമകളുടെ അസോസിയേഷന്‍ രൂപവത്കരിച്ച് കെട്ടിടവുമായി ബന്ധപ്പെട്ട പൊതുസ്ഥലങ്ങള്‍ അവരെ ഏല്‍പിക്കണം. ഒരു പ്ളോട്ടില്‍ ഒന്നിലധികം വ്യത്യസ്ത കെട്ടിടങ്ങളുണ്ടെങ്കില്‍ ഓരോന്നിനും ഓരോ അസോസിയേഷനും എല്ലാവര്‍ക്കും മുകളിലായി അപ്പെക്സ് അസോസിയേഷനും രൂപവത്കരിക്കേണ്ടതുണ്ട്. അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ എതിരായ അപ്പീലുകള്‍ പരിഗണിച്ച് തീര്‍പ്പാക്കുകയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചുമതലയെന്നും ബില്ലില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.