സായ ബംഗ്ലാദേശിൽനിന്ന് തിരിച്ചുവരും; പുതിയ ചിത്രങ്ങളും പുസ്തകങ്ങളുമായി
text_fieldsകോഴിക്കോട്: മുറിവേൽപിച്ച നാടുതന്നെ ഹൃദയം പകുത്തുനൽകിയതിെൻറ ആഹ്ലാദത്തോടെയാണ് സായ ബംഗ്ലാദേശിലേക്ക് തിരിച്ചത്. ജനിച്ച മണ്ണിലേക്കുള്ള യാത്രക്കിടെ അകമ്പടി പോയ പൊലീസിനോട് അവൾ പറഞ്ഞു: എനിക്കിനിയും നിങ്ങളുടെ നഗരത്തിലേക്ക് വരണം. പുതിയ ചിത്രങ്ങളും രചനകളുമായി ഞാൻ തിരിച്ചു വരുമ്പോൾ ഈ സ്നേഹം നിങ്ങൾ കാത്തുവെക്കണം. എനിക്കിനിയും ഒരുപാട് എഴുതാനും വരക്കാനുമുണ്ട്.
പറ്റുമെങ്കിൽ കുടുംബസമ്മേതം നിങ്ങളുടെ നാട്ടിൽ താമസിക്കാനാണ് എനിക്കിഷ്ടമെന്നും അവൾ പറഞ്ഞു... പെൺവാണിഭസംഘത്തിെൻറ വലയിലകപ്പെട്ട് കോഴിക്കോട്ടെത്തിയിരുന്ന ബംഗ്ലാദേശി യുവതി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചുപോയത്. കൊൽക്കത്ത വരെ ട്രെയിനിലായിരുന്നു യാത്ര. നടക്കാവ് സ്റ്റേഷനിലെ എസ്.ഐ. കെ.കെ. മോഹൻദാസിെൻറയും രണ്ട് വനിതാ പൊലീസുകാരുടേയും കൂടെയായിരുന്നു യുവതി തിരിച്ചുപോയത്. യാത്രക്കിടെയാണ് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവരാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചത്. കോഴിക്കോട് നിർഭയയിൽ താമസിക്കവെ വരച്ച ചിത്രങ്ങളും കഥകളും കവിതകളുമുൾപെടുത്തിയ പുസ്തകവും വിറ്റു കിട്ടിയ വകയിൽ ലഭിച്ച 85,000 രൂപയുമായാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്. ഈ പണം ബംഗ്ലാദേശിലേക്ക്് കൊണ്ടുപോകുന്നതിന് സാങ്കേതികതടസ്സങ്ങളുണ്ടായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചതായി എസ്.ഐ. മോഹൻദാസ് ‘മാധ്യമ’ത്തോടു പറഞ്ഞു.
കൊൽക്കത്തയിൽനിന്ന് വിമാനമാർഗമാണ് യുവതി ബംഗ്ലാദേശിലേക്ക് പോയത്. അവിടെ അഭിഭാഷകരുടെ അസോസിയേഷൻ ഭാരവാഹികളും പിതാവും ചേർന്ന് അവരെ സ്വീകരിച്ചതായാണ് വിവരം. കൊൽക്കത്തവരെയാണ് കേരള പൊലീസ് അകമ്പടിപോയത്. മൂന്നു മക്കളും ഭർത്താവും അവർക്ക് വേണ്ടി ബംഗ്ലാദേശിൽ കാത്തിരിക്കുകയായിരുന്നു. 2015 മേയ് 18നായിരുന്നു യുവതി കോഴിക്കോട്ട് എത്തിയത്. ബംഗളൂരുവിൽനിന്നാണ് പെൺവാണിഭ സംഘത്തിെൻറ വലയിലകപ്പെട്ടത്. ഫൈസൽ എന്ന യുവാവ് സെയിൽസ് മേഖലയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പീഡനം. ഒടുവിൽ പീഡനം സഹിക്കവയ്യാതെ അവർ ഫ്ലാറ്റിൽനിന്ന് ഇറങ്ങിയോടിയതോടെ സംഭവം പുറംലോകമറിഞ്ഞു.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ യുവതിയെ ആദ്യം മഹിളമന്ദിരത്തിലായിരുന്നു താമസിപ്പിച്ചത്. അവിടെയും മാനസികപീഡനമുണ്ടായതിനെ തുടർന്ന് അവർ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്നാണ് നിർഭയയിൽ താമസിപ്പിച്ചത്. അവിടെ കഴിയവെ യുവതി വരച്ച ചിത്രങ്ങളും പുസ്തകവും കോഴിക്കോട്ട് പ്രദർശിപ്പിച്ചപ്പോഴാണ് ഈ നാടിെൻറ നന്മയുടെ മുഖം അവർ കണ്ടത്. പുസ്തകങ്ങളും ചിത്രങ്ങളും സഹൃദയർ നെഞ്ചിലേറ്റി. ‘ഞാൻ എന്ന മുറിവ്’ എന്നായിരുന്നു പുസ്തകത്തിെൻറ പേര്. സ്വന്തം പേര് ചേർക്കാനാവാത്തതിനാൽ നിഴൽ എന്ന് അർഥമുള്ള ‘സായ’ എന്ന പേരായിരുന്നു ചേർത്തിരുന്നത്. അങ്ങനെയാണ് യുവതിയെ കോഴിക്കോട്ടുകാർ സായ എന്ന് വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.