തമിഴ്നാട്ടിൽ വെള്ളപ്പൊക്കം, കേരളത്തിൽ വിലക്കയറ്റം
text_fieldsകൊച്ചി: തമിഴ്നാട്ടിൽ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിലെ പച്ചക്കറി വിപണിയെയും ബാധിച്ചു. മഴയിൽ കൃഷി നശിച്ചതും വെള്ളപ്പൊക്കത്തെത്തുടർന്ന് വാഹന ഗതാഗതം നിലച്ചതുമാണ് കേരളത്തിന് തിരിച്ചടിയായത്. പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതോടെ കഴിഞ്ഞമാസത്തെക്കാൾ 30–40 ശതമാനം വിലയാണ് വർധിച്ചത്.
തമിഴ്നാട്ടിലെ തേനി, ഒട്ടഛത്രം, ഉശിയംപെട്ടി, സത്യമംഗലം, ചിമൂർ, പൊള്ളാച്ചി, കമ്പം, ഗുഡല്ലൂർ, നാഗർകോവിൽ എന്നിവിടങ്ങളിലെ മൊത്തവ്യാപാര വിപണിയെയാണ് കേരളത്തിലെ പച്ചക്കറി കച്ചവടക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ദിവസവും ലോറികളിലെത്തുന്ന പച്ചക്കറി സംസ്ഥാനത്തെ പ്രധാന വിപണി കേന്ദ്രങ്ങളിലെത്തിച്ചാണ് ചില്ലറ വിൽപനക്കായി വിതരണം ചെയ്യുന്നത്. കനത്ത മഴയിൽ തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചുവന്നുള്ളി, കോവൽ, തക്കാളി പോലുള്ള വിളകൾ പലതും ചീഞ്ഞളിയുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളിൽനിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് ലോഡ് അയക്കുന്നത്.
വെള്ളപ്പൊക്കം മൂലം വാഹനഗതാഗതവും താറുമാറായതതോടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആന്ധപ്രദേശിൽനിന്നുള്ള പച്ചക്കറികൾ തമിഴ്നാട്ടിലെ ഇടനിലക്കാർ വഴിയാണ് കേരളത്തിലെത്തിയിരുന്നത്. തമിഴ്നാട്ടിലെ വിപണികൾ താറുമാറായതോടെ ഇതിെൻറ വരവും നിലച്ചു. ഇതോടെ മൊത്തവ്യാപാര വിപണിയിൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 30–40 ശതമാനം വരെ വില വർധനയാണ് ഉണ്ടായത്. ഉള്ളി–30, ഉരുളക്കിഴങ്ങ്–30, ഇഞ്ചി–60, പച്ചമുളക്–30, പാവക്ക–50, തക്കാളി–40, നാരങ്ങ–40, കൂർക്ക–40, ബീൻസ്–40, പയർ–40, പച്ചക്കായ–25 രൂപ എന്നിങ്ങനെയാണ് ഇന്നലെ മൊത്തവിപണിയിലെ വില. അതേസമയം, കഴിഞ്ഞ മാസം 50–70 രൂപയുണ്ടായിരുന്ന സവാള വില മൊത്തവിപണിയിൽ 30–40 ആയി കുറഞ്ഞിട്ടുണ്ട്.
ഓണക്കാലത്തെ അപേക്ഷിച്ച് നിലവിൽ പച്ചക്കറി വില കൂടുതലാണെന്നാണ് വ്യാപാരികളുടെ പക്ഷം. ഓണത്തിന് കേരളത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ വിപണിയിലെത്തിയിരുന്നു. നമുക്കാവശ്യമായവ ലഭിച്ചിരുന്നില്ലെങ്കിലും ഇവിടെയും പച്ചക്കറി ഉൽപാദിപ്പിക്കുന്നുണ്ടെന്ന ധാരണ ഒരുപരിധിയിൽ കൂടുതൽ വില വർധിപ്പിക്കുന്നതിൽനിന്ന് തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരെ തടഞ്ഞിരുന്നു.
എന്നാൽ, ഓണം കഴിഞ്ഞതോടെ അത്തരമൊരു ഒഴുക്ക് ഇല്ലാതായി. ശബരിമല മണ്ഡലകാലത്തിനൊപ്പം ക്രിസ്മസ് നോമ്പുകൂടി ആരംഭിക്കുമെന്നതിനാൽ പച്ചക്കറികൾക്ക് ഈമാസം ആവശ്യക്കാർ വർധിക്കും. തമിഴ്നാട്ടിലെ ഉയർന്ന പ്രദേശങ്ങളിലെ കൃഷിക്ക് കഴിഞ്ഞ ഏതാനും മാസമായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും അനുകൂല ഘടകങ്ങളാണ്. ശരിയായവിധം വെള്ളം ലഭിക്കാത്ത മേഖലയിൽ മികച്ച വിളവെടുപ്പ് ഉണ്ടാകുന്നപക്ഷം ഇപ്പോഴുള്ള വിലവർധന നീളില്ലെന്ന് എറണാകുളം മാർക്കറ്റ് വെജിറ്റബിൾ മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.