കോയമ്പത്തൂരില്‍നിന്നുള്ള ട്രെയിന്‍–വിമാന സര്‍വിസ് മുടങ്ങി
text_fieldsകോയമ്പത്തൂര്‍: ചെന്നൈയിലെ വെള്ളപ്പൊക്കം മൂലം കോയമ്പത്തൂരില്‍നിന്നുള്ള ട്രെയിന്‍-വിമാന സര്‍വിസ് ദിവസങ്ങളായി മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ചെന്നൈ കേന്ദ്രീകരിച്ച് ഓടുന്ന ട്രെയിനുകള്‍ മൂന്നു ദിവസമായി റദ്ദാക്കിയിരുന്നു. ഇതിനാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകളും മുടങ്ങി. ചെന്നൈയില്‍നിന്ന് തെക്കന്‍ തമിഴ് ജില്ലകളിലേക്കും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വിസ് പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്.
കോയമ്പത്തൂര്‍ വഴി ഓടുന്ന ഇന്‍റര്‍സിറ്റി, വെസ്റ്റ്കോസ്റ്റ്, കോവൈ എക്സ്പ്രസ്, ശതാബ്ദി, മംഗലാപുരം എക്സ്പ്രസ്, നീലഗിരി എക്സ്പ്രസ്, ചേരന്‍ എക്സ്പ്രസ്, ആലപ്പുഴ എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയതോടെയാണ് നൂറുക്കണക്കിന് മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷമത്തിലായത്. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി തുക മടക്കിക്കിട്ടാനും കാലതാമസമുണ്ടാവുന്നു. വെള്ളിയാഴ്ച അറകോണത്തുനിന്ന് പ്രത്യേക സര്‍വിസ് നടത്തി. സ്പെഷല്‍ ട്രെയിനുകള്‍ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുമായി 0422-2303167 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വിവിധയിടങ്ങളിലേക്കുള്ള ട്രെയിന്‍ ചരക്കുനീക്കവും തടസ്സപ്പെട്ടു. കോയമ്പത്തൂര്‍വഴി ഓടുന്ന മൂന്ന് ഗുഡ്സ് ട്രെയിനുകളും ജോലാര്‍പേട്ട, കാട്പാടി തുടങ്ങിയയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വിസ് വിഭാഗത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകളാണ് കെട്ടിക്കിടക്കുന്നത്. പാര്‍സല്‍ ബുക്കിങ്ങും നിര്‍ത്തിവെച്ചു. ട്രെയിന്‍ സര്‍വിസില്ലാത്തതിനാല്‍ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ വസ്തുക്കള്‍ ചെന്നൈയിലേക്ക് അയക്കാനും ബുദ്ധിമുട്ടുന്നു. കോയമ്പത്തൂരില്‍നിന്ന് ചെന്നൈയിലേക്കുള്ള വിമാന സര്‍വിസ് ഡിസംബര്‍ ആറുവരെ നിര്‍ത്തിയിരിക്കയാണ്. അതേസമയം, കോയമ്പത്തൂരില്‍നിന്ന് മുംബൈ, ഡല്‍ഹി, ബംഗളൂരു, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വിസുകളെ ബാധിച്ചിട്ടില്ല. ചെന്നൈയില്‍ മഴക്ക് ശമനമുണ്ടായതോടെ ബസ് സര്‍വിസുകള്‍ സജീവമായിട്ടുണ്ട്. ചെന്നൈയില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സൗജന്യമായി സര്‍ക്കാര്‍ ബസ് സര്‍വിസ് ഓടിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും
കോഴിക്കോട്: ചെന്നൈ നഗരത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ ആരംഭിക്കും. ചെന്നൈ നഗരത്തിലെ രൂക്ഷമായ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കേരളത്തില്‍ എത്തിക്കാന്‍ കോര്‍പറേഷന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ചെന്നൈയില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വിസുകള്‍ അഞ്ചിന് രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ (എസ്.ഇ.ടി.സി ) കോയംബേഡ് സി.എം.സി ബസ്സ്റ്റാന്‍ഡിലെ 4, 5 ബസ് ബേകളില്‍ എത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ചെന്നൈയില്‍ ക്യാമ്പുചെയ്യുന്ന കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം, തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളുമായും ബന്ധപ്പെടാം. കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. ചെന്നൈ എഗ്മോറിലുള്ള കേരളാ ഹൗസില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മൊബൈല്‍ നമ്പര്‍: 9444186238 ലാന്‍ഡ് ഫോണ്‍ നമ്പര്‍ 044-28293020 ബന്ധപ്പെടേണ്ട മറ്റ് നമ്പറുകള്‍ - തിരുവനന്തപുരം ഡി.ടി.ഒ - 9495099902, തൃശ്ശൂര്‍ ഡി.ടി.ഒ - 9495099909, പാലക്കാട് ഡി.ടി.ഒ - 9495099910, ബംഗളൂരു എ.ടി.ഒ- 09605801830.
തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമിന്‍െറ പ്രവര്‍ത്തനം കെ.എസ്.ആര്‍.ടി.സി (ഓപറേഷന്‍സ്) വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷെറഫ് മുഹമ്മദിന്‍െറ നേതൃത്വത്തിലായിരിക്കും. നമ്പര്‍ - 9447071014.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.