വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിന് ശനിയാഴ്ച തുടക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയാകും. നാലുവർഷമാണ് നിർമാണ കാലാവധിയെങ്കിലും സർക്കാർ സഹകരിച്ചാൽ 1000 ദിവസം അതായത് മൂന്നു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാമെന്നാണ് പദ്ധതിയിൽ പങ്കാളികളായ അദാനി ഗ്രൂപ്പിെൻറ വാഗ്ദാനം.
വൈകുന്നേരം 4.30ന് വിഴിഞ്ഞം മുക്കോലയിലാണ് കേരളത്തിെൻറ സ്വപ്നപദ്ധതികളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ഉൾപ്പെടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയെയും മന്ത്രി ബാബുവിനെയും ബഹിഷ്കരിക്കുന്നതിെൻറ ഭാഗമായി നേതാക്കൾ പങ്കെടുക്കേണ്ട എന്നാണ് എൽ.ഡി.എഫ് തീരുമാനം. സ്പീക്കർ എൻ. ശക്തൻ, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ്കുമാർ മഹാപാത്ര പദ്ധതി വിശദീകരിക്കും.
വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടിപർപസ് സീപോർട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. കേരളം 2,280 കോടി രൂപയും കേന്ദ്രസർക്കാർ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോർട്സ് ആണ് വഹിക്കുക. സർക്കാറിന് ഏഴാംവർഷം മുതൽ വരുമാനം ലഭിക്കും. അദാനി ഗ്രൂപ്പിെൻറ ഇന്ത്യയിലെ ഒമ്പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. കഴിഞ്ഞ ചിങ്ങം ഒന്നിനാണ് തുറമുഖനിർമാണത്തിന് അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഒപ്പിട്ടത്. നവംബർ ഒന്നിന് നിർമാണം തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഉദ്ഘാടനം മാറ്റിവെച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പിെൻറ മേൽനോട്ടത്തിൽ തുടങ്ങി.
ചരക്കുകപ്പലുകൾക്കും വിനോദസഞ്ചാരികൾക്കുള്ള ക്രൂസ് ഷിപ്പുകൾക്കും അടുക്കാനുള്ള സംവിധാനം വിഴിഞ്ഞത്തുണ്ടാകും. ആധുനികസൗകര്യങ്ങളോടുകൂടിയ മത്സ്യബന്ധനതുറമുഖവും നിർമിക്കുന്നുണ്ട്. തുറമുഖനഗരം ഉൾപ്പെടെ വികസനപ്രവർത്തനങ്ങളും കരാറിലുണ്ട്. തുറമുഖത്തിന് സ്ഥലം വിട്ടുനൽകിയവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമായി 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.