എസ്.എൻ.ഡി.പി സമത്വ മുന്നേറ്റയാത്ര ഇന്ന് സമാപിക്കും
text_fieldsതിരുവനന്തപുരം: ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ എസ്.എൻ.ഡി.പിയുടെ സമത്വ മുന്നേറ്റ യാത്ര ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ശംഖുംമുഖത്ത് വിപുലമായ സമ്മേളനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജാഥാ ക്യാപ്റ്റൻ കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വൈകീട്ട് മൂന്നിന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തിൽ രൂപംനൽകുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനവും സമ്മേളനത്തിലുണ്ടാവും. വിവിധ സമുദായ നേതാക്കളടക്കം 700 പേർക്ക് ഇരിക്കാവുന്ന വേദിയാണ് ശംഖുംമുഖം കടപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. അഞ്ചുലക്ഷം പേർക്ക് പരിപാടി കാണാനുള്ള ആധുനിക സംവിധാനവുമുണ്ട്. 50,000 പേർക്കിരിക്കാവുന്ന സദസ്സും തയാറായി. സമത്വ മുന്നേറ്റ യാത്രക്ക് നേതൃത്വം നൽകിയ നേതാക്കളുടെ ചിത്രങ്ങൾ പതിച്ച ബോർഡുകൾ പ്രധാന ജങ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
സമ്മേളന വേദി നിയന്ത്രിക്കാൻ 1000 യൂത്ത് വളൻറിയർമാരും എസ്.എൻ.ഡി.പി യോഗം കർമസേനയും രംഗത്തുണ്ടാവും. ആംബുലൻസുകൾ, ഫയർഫോഴ്സ് യൂനിറ്റുകൾ, മെഡിക്കൽ സംഘങ്ങൾ, താൽക്കാലിക ശൗചാലയങ്ങൾ, 5000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേന്ദ്ര സ്വാഗതസംഘം ചെയർമാൻ വിഷ്ണുഭക്തനും ജനറൽ കൺവീനർ ചൂഴാൽ ജി. നിർമലനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.