Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം തുറമുഖ...

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു; കബോട്ടാഷ് നിയമത്തിൽ ഇളവ് നൽകുമെന്ന് ഗഡ്കരി

text_fields
bookmark_border
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു; കബോട്ടാഷ് നിയമത്തിൽ ഇളവ് നൽകുമെന്ന് ഗഡ്കരി
cancel

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടക്കം കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. വിഴിഞ്ഞം  തുറമുഖത്തിന്‍െറ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തിനകം ഉത്തരവിറക്കും. രാജ്യത്ത് പ്രതിസന്ധിയിലുള്ള എല്ലാ തുറമുഖങ്ങള്‍ക്കും ഇളവ് ബാധകമാക്കും. വിഴിഞ്ഞം പദ്ധതിയുടെ 20 ശതമാനം കേന്ദ്രം വഹിക്കും. ജലഗതാഗതരംഗത്ത് സംസ്ഥാനവുമായി ചേര്‍ന്ന് ജോയന്‍റ് കമ്പനി രൂപവത്കരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും എന്നാല്‍ നല്ളൊരു ഉദ്യോഗസ്ഥനെ ഇതിനായി നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍  തയാറാണ്. ചൈനയും ജപ്പാനും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങളില്‍ 50 ശതമാനത്തോളം ജലഗതാഗതം  ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിന് റോഡ് നിര്‍മാണത്തിന് പണം അനുവദിക്കാന്‍ തയാറാണ്. എന്നാല്‍, റോഡുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നത് കേരളത്തില്‍ വലിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണം.
പദ്ധതി പ്രദേശത്തുനിന്ന് വിളിപ്പാടകലെ മുക്കോല ഹൈവേയില്‍ നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. തുറമുഖത്തിന്‍െറ ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ചതന്നെ തുടങ്ങുമെന്ന് മുഖ്യ പ്രഭാഷണത്തില്‍ അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.ആയിരം ദിവസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

മന്ത്രി കെ. ബാബു അധ്യക്ഷതവഹിച്ചു. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും പങ്കെടുക്കുന്ന സാഹചര്യത്തില്‍ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.
ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്ന് മറ്റൊരു തുറമുഖത്തേക്ക് ചരക്കുകള്‍ അയക്കുന്നതിന് വിദേശ ഷിപ്പിങ് കമ്പനികളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം.  

നാല് വർഷമാണ് നിർമാണ കാലാവധിയെങ്കിലും സർക്കാർ സഹകരിച്ചാൽ 1000 ദിവസം അതായത് മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പദ്ധതിയിൽ പങ്കാളികളായ അദാനി ഗ്രൂപ്പിെൻറ വാഗ്ദാനം. വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടിപർപസ് സീപോർട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. കേരളം 2,280 കോടി രൂപയും കേന്ദ്രസർക്കാർ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോർട്സ് ആണ് വഹിക്കുക. സർക്കാറിന് ഏഴാംവർഷം മുതൽ വരുമാനം ലഭിക്കും.

അദാനി ഗ്രൂപ്പിെൻറ ഇന്ത്യയിലെ ഒമ്പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. കഴിഞ്ഞ ചിങ്ങം ഒന്നിനാണ് തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഒപ്പിട്ടത്. നവംബർ ഒന്നിന് നിർമാണം തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഉദ്ഘാടനം മാറ്റിവെച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പിെൻറ മേൽനോട്ടത്തിൽ തുടങ്ങിയിട്ടുണ്ട്.

ചരക്കുകപ്പലുകൾക്കും വിനോദസഞ്ചാരികൾക്കുള്ള ക്രൂസ് ഷിപ്പുകൾക്കും അടുക്കാനുള്ള സംവിധാനം വിഴിഞ്ഞത്തുണ്ടാകും. ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യബന്ധന തുറമുഖവും നിർമിക്കുന്നുണ്ട്. തുറമുഖനഗരം ഉൾപ്പെടെ വികസനപ്രവർത്തനങ്ങളും കരാറിലുണ്ട്. തുറമുഖത്തിന് സ്ഥലം വിട്ടുനൽകിയവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമായി 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam port
Next Story