മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദ് കാണിച്ചതു മണ്ടത്തം –കെ.പി. ശശികല
text_fieldsതൃശൂര്‍: മാന്‍ഹോള്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍ നാഷാദ് ചെയ്തത് മണ്ടത്തമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല. തൃശിവപേരൂര്‍ ഹിന്ദു ധര്‍മ പരിഷത്ത് സംഘടിപ്പിച്ച ശക്തന്‍ തമ്പുരാന്‍ നഗര്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ഈ ആക്ഷേപം അവര്‍ ഉന്നയിച്ചത്.
‘ഒരു തുണിയോ കയറോ മാന്‍ഹോളിനകത്തേക്ക് ഇട്ടുകൊടുത്താല്‍ തൊഴിലാളികള്‍ക്ക് അതില്‍ പിടിച്ച് കയറിവരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനു പകരം നൗഷാദ് അപകടം മനസ്സിലാക്കാതെ മാന്‍ഹോളിലേക്ക് എടുത്തുചാടുകയാണുണ്ടായത്. തുണി കിട്ടാനില്ലായിരുന്നുവെന്നു പറഞ്ഞാലും ന്യായമല്ല. ഇന്നത്തെ കാലത്ത് എവിടെയും തുണി ഉടുക്കുന്നവരെ കാണാവുന്നതാണ്. ഇവരില്‍ ആരെങ്കിലുമൊരാള്‍ ആ തുണി അഴിച്ച് മാന്‍ഹോളിലേക്ക് ഇട്ടുകൊടുത്താല്‍ മതിയായിരുന്നു. അപകടം ഉണ്ടാവുമ്പോള്‍ ഇത്തരം മണ്ടത്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമാരും മക്കളെ ഉപദേശിക്കുകയാണ് വേണ്ടത്. എടുത്തുചാട്ടം ഒന്നിനും ഒരു പരിഹാരമല്ല. എടുത്തുചാടിയാല്‍ സ്വയം അപകടത്തില്‍പെടുമെന്നു മാത്രമല്ല, മറ്റുള്ളവരുടെയും ജീവന്‍ അപായപ്പെടുത്തുകയും ചെയ്യും. അപകട സ്ഥലത്ത് വിവേകത്തോടെയുള്ള ഇടപെടലുണ്ടാവണം. ജീവന്‍ നഷ്ടപ്പെടുന്നത് ആര്‍ക്കായാലും വേദനാജനകമാണ്. ഇതു രാഷ്ട്രീയം പറയലല്ല, മറിച്ച് ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമുള്ള തന്‍െറ വികാരമാണ്’ -അവര്‍ പറഞ്ഞു.
നേരത്തെ നൗഷാദിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിനെ ചൊല്ലി വെള്ളാപ്പള്ളി നടേശന്‍ ജാതിവിവേചനാരോപണമുയര്‍ത്തിയത് വിവാദമായതോടെ നൗഷാദിനെയല്ല സര്‍ക്കാറിനെയാണ് വിമര്‍ശിച്ചതെന്ന ന്യായീകരിക്കുമ്പോഴാണ് ഈ അഭിപ്രായം ശശികല ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.